കങ്കണയുടെ ‘ധാക്കഡ്’ എട്ടാം ദിനം ഇന്ത്യയിലാകെ വിറ്റത് 20 ടിക്കറ്റുകള്‍
കങ്കണ റണാവത്ത് നായികയായ ധാക്കഡ് റിലീസ് ചെയ്ത് എട്ടാം ദിവസം വെറും 20 ടിക്കറ്റുകളാണ് വിറ്റുപോയത്. 100 കോടി ബഡ്ജറ്റിൽ നിർമ്മിച്ച ചിത്രം കഴിഞ്ഞ ദിവസം 4420 രൂപയാണ് നേടിയത്. ഭൂരിഭാഗം തിയേറ്ററുകളിലും ആളില്ലാത്തതിനാൽ ഷോകൾ റദ്ദാക്കിയതോടെ നിർമ്മാതാക്കൾക്ക് വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. മെയ് 20 ന് റിലീസ് ചെയ്ത ചിത്രം ഇതുവരെ 3.53 കോടി രൂപ മാത്രമാണ് നേടിയത്. ഒരു ബിഗ് ബജറ്റ് സിനിമയായത്തിനാൽ പരാജയത്തിൻറെ ഭാരം വർദ്ധിക്കുന്നു.
റസ്നീഷ് റാസി സംവിധാനം ചെയ്ത ചിത്രം ഒരു സ്പൈ ത്രില്ലറാണ്. ഏജന്റ് അഗ്നി എന്ന കഥാപാത്രത്തെയാണ് കങ്കണ അവതരിപ്പിച്ചത്. അർജുൻ രാംപാൽ, ദിവ്യ ദത്ത എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങൾ.
ആദ്യ ട്രെയിലർ പുറത്തിറങ്ങിയപ്പോൾ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിന്റെ പ്രകടനം ഇത് സ്ഥിരീകരിക്കുന്നു. റിലീസ് ചെയ്ത ദിവസം തന്നെ ധാക്കഡിന് മോശം പ്രതികരണമാണ് ലഭിച്ചത്. ഭൂൽ ഭുലൈയാ-2 ന് മികച്ച നിരൂപണങ്ങൾ ലഭിച്ചതോടെ ധക്കാഡിന്റെ കാര്യങ്ങൾ നിശ്ചലമായി. 100 കോടി ക്ലബ്ബിൽ ഇടം നേടിയ ഭൂൽ ഭുലൈയാ-2 മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.