കങ്കണ റണൗട്ട് നൽകിയ ഹർജിയിൽ മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ സർക്കാരിന് കനത്ത തിരിച്ചടി.
മുംബൈ: തന്റെ ഓഫീസ് മുംബൈ കോർപ്പറേഷൻ പൊളിച്ചതിനെതിരെ നടി കങ്കണ റണൗട്ട് നൽകിയ ഹർജിയിൽ മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ സർക്കാരിന് കനത്ത തിരിച്ചടി. പ്രതികാര നടപടിയല്ലാതെ മറ്റൊന്നുമല്ല മുംബൈ കോർപ്പറേഷന്റേതെന്ന് ബോംബെ ഹൈക്കോടതി ചൂണ്ടിക്കാട്ടി.
സെപ്റ്റംബറിലാണ് മുംബൈ പാലിയിലെ കങ്കണയുടെ ബംഗ്ലാവിന്റെ ഒരു ഭാഗം മുംബൈ കോർപ്പറേഷൻ പൊളിച്ച് നീക്കിയത്. സംഭവത്തിൽ മുംബൈ മുനിസിപ്പൽ കോർപ്പറേഷന് കോടതി നോട്ടീസ് നൽകി.
എത്ര രൂപയുടെ നഷ്ടമുണ്ടായെന്ന് കണക്കാക്കാൻ കോടതി ഒരാളെ ചുമതലപ്പെടുത്തുകയും ചെയ്തു. 2021 മാർച്ചിന് മുമ്പായി നഷ്ടപരിഹാരം കണക്കാക്കി റിപ്പോർട്ട് നൽകാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
മഹാരാഷ്ട്ര സർക്കാരിനും ശിവസേനയ്ക്കുമെതിരെ കങ്കണ നടത്തിയ രൂക്ഷമായ വിമർശനങ്ങൾക്ക് പിന്നാലെയായിരുന്നു ഇത്. അനധികൃതമായിട്ട് നിർമിച്ച ഭാഗമാണ് പൊളിച്ചുനീക്കിയതെന്നാണ് മുംബൈ കോർപ്പറേഷന്റെ അവകാശവാദം.