കടല്‍ക്കൊല കേസിലെ നടപടികള്‍ അവസാനിപ്പിക്കുന്നതില്‍ സുപ്രീം കോടതി ഉത്തരവ് ചൊവ്വാഴ്ച

കടല്‍ക്കൊല കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ കേസ് സുപ്രിംകോടതി അവസാനിപ്പിക്കുന്നു. ഇതുസംബന്ധിച്ച ഉത്തരവ് ചൊവ്വാഴ്ച പുറപ്പെടുവിക്കും. കടല്‍ക്കൊലക്കേസിലെ ഇരകള്‍ക്ക് നഷ്ടപരിഹാരം അടക്കമുള്ള കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന് തീരുമാനമെടുക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ ഇന്ന് കോടതിയെ അറിയിച്ചു. കടല്‍ക്കൊല കേസില്‍ ബോട്ടിലുണ്ടായിരുന്ന എല്ലാവര്‍ക്കും നഷ്ടപരിഹാരം വേണമെന്ന ആവശ്യത്തെ എതിര്‍ക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു. നഷ്ടപരിഹാരം എങ്ങനെ വിഭജിക്കണമെന്ന് കേരള സര്‍ക്കാരിന് തീരുമാനിക്കാം.

നഷ്ടപരിഹാരത്തുക വിതരണം ചെയ്യുന്നതിനായി ഹൈക്കോടതിയെ ചുമതലപ്പെടുത്താമെന്നും കോടതി പറഞ്ഞു. ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് രണ്ട് മല്‍സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ട കേസില്‍ എല്ലാ നിയമനടപടികളും അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരാണ് സുപ്രിംകോടതിയില്‍ അപേക്ഷ നല്‍കിയത്. വെടിയേറ്റു മരിച്ചവരുടെ ആശ്രിതര്‍ക്കും ബോട്ടുടമക്കുമായി ഇറ്റാലിയന്‍ സര്‍ക്കാര്‍ 10 കോടി രൂപ നഷ്ടപരിഹാരം നല്‍കുന്ന സാഹചര്യത്തിലാണ് ഇതുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസുകളടക്കം നിര്‍ത്തിവയ്ക്കാനാവശ്യപ്പെടുന്നതെന്നാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്ത കോടതിയെ ബോധിപ്പിച്ചിരുന്നത്.

നഷ്ടപരിഹാരം ഉറപ്പുവരുത്തിയാല്‍ നടപടികള്‍ അവസാനിപ്പിക്കുന്നതിന് തങ്ങളും എതിരല്ലെന്ന് കേരള സര്‍ക്കാരും പ്രഖ്യാപിച്ചു. തുടര്‍ന്ന് ഇറ്റലി സര്‍ക്കാര്‍ കൈമാറിയ 10 കോടിരൂപ നഷ്ടപരിഹാരം കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ കെട്ടിവച്ചു