കടൽക്കൊല കേസിൽ സെന്റ് ആന്റണീസ് ബോട്ടുടമയ്ക്കുള്ള നഷ്ടപരിഹാരത്തുക വിതരണം ചെയ്യുന്നത് തടഞ്ഞ് സുപ്രിംകോടതി.

കടൽക്കൊല കേസിൽ സെന്റ് ആന്റണീസ് ബോട്ടുടമയ്ക്കുള്ള നഷ്ടപരിഹാരത്തുക വിതരണം ചെയ്യുന്നത് തടഞ്ഞ് സുപ്രിംകോടതി. സംഭവത്തിൽ പരുക്കേറ്റതിനാൽ നഷ്ടപരിഹാരം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഏഴ് മൽസ്യത്തൊഴിലാളികൾ സമർപ്പിച്ച ഹർജികളിലാണ് നടപടി.

സെന്റ് ആന്റണീസ് ബോട്ടുടമയ്ക്ക് നോട്ടിസ് അയക്കാൻ ഉത്തരവിട്ട ജസ്റ്റിസ് ഇന്ദിര ബാനർജി അധ്യക്ഷയായ ബെഞ്ച്, രണ്ടാഴ്ചയ്ക്ക് ശേഷം ഹർജികൾ വീണ്ടും പരിഗണിക്കാൻ തീരുമാനിച്ചു. അതുവരെ ബോട്ടുടമയ്ക്കുള്ള രണ്ട് കോടി രൂപ വിതരണം ചെയ്യരുതെന്ന് ഹൈക്കോടതിക്ക് നിർദേശം നൽകി.

ഹർജികളിൽ നിലപാട് അറിയിക്കാൻ കേരള സർക്കാരിനോടും നിർദേശിച്ചു. മത്സ്യത്തൊഴിലാളികൾക്ക് കേരള ഹൈക്കോടതിയെ നേരിട്ട് സമീപിക്കാവുന്നതാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത നിലപാട് വ്യക്തമാക്കി. ജസ്റ്റിസ് ഇന്ദിര ബാനർജി അധ്യക്ഷയായ ബെഞ്ച് കേന്ദ്രസർക്കാർ നിർദേശത്തോട് അനുകൂലമായാണ് പ്രതികരിച്ചത്. സെന്റ് ആന്റണീസ് ബോട്ടുടമയ്ക്ക് അനുവദിച്ച രണ്ട് കോടി രൂപയിൽ നിന്ന് തങ്ങൾക്കും നഷ്ടപരിഹാരം ലഭിക്കണമെന്നാണ് പരുക്കേറ്റ മൽസ്യത്തൊഴിലാളികളുടെ ആവശ്യം.