കണ്ണൂരിൽ എട്ട് പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്ത്‌ കണ്ടുകെട്ടി

കേന്ദ്ര സർക്കാർ നിരോധിച്ച പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ജില്ലയിലെ എട്ട് നേതാക്കളുടെ സ്വത്തുക്കൾ സർക്കാർ കണ്ടുകെട്ടി. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ റവന്യൂ അധികൃതരാണ്‌ തഹസിൽദാർമാരുടെ നേതൃത്വത്തിൽ നടപടി സ്വീകരിച്ചത്.

തലശ്ശരി താലൂക്കിൽ നാലും കണ്ണൂരിൽ മൂന്നും തളിപ്പറമ്പിൽ ഒന്നും സ്വത്തിലാണ് നടപടികളുണ്ടായത്.

പോപ്പുലർ ഫ്രണ്ട് നിരോധനത്തിനെതിരെ കഴിഞ്ഞ സെപ്റ്റംബർ 23-ന് നടത്തിയ ഹർത്താലിനോട് അനുബന്ധിച്ചുണ്ടായ അക്രമത്തിൽ പൊതു മുതലുകൾക്കുണ്ടായ നഷ്ടം നികത്തുന്നതിനാണ് നേതാക്കളുടെ സ്വത്ത്‌ കണ്ടുകെട്ടിയത്. ജില്ലയിലുണ്ടായ അക്രമങ്ങളിൽ അഞ്ചരക്കോടി രൂപയുടെ നഷ്ടം സംഭവിച്ചുവെന്നാണ് കണക്കാക്കുന്നത്.

പോപ്പുലർ ഫ്രണ്ട് നേതാക്കളായിരുന്ന വായോത്ത് ഹാറൂൺ, എം.വി സമീർ, സമീർ ഇല്ലത്ത്, താഹിർ, താജുദ്ദീൻ, റാസിക്ക്, നൗഷാദ്, നൗഷാദ് എന്നിവരുടെ സ്വത്താണ് കണ്ടുകെട്ടിയത്. വീടും പറമ്പും ജപ്തി ചെയ്തെങ്കിലും ആരെയും കുടിയിറക്കിയില്ല. നഷ്ടം പണമായി അടച്ചാൽ ഭൂമിയും വസ്തുവകകളും വിട്ടു കൊടുക്കും. ഇവരിൽ രണ്ട് പേരുടെ ജപ്തി നടപടികൾ വെള്ളിയാഴ്ച പൂർത്തിയായിരുന്നു.