കണ്ണൂര്‍ സിറ്റി പോലീസിന്‍റെ ഓപ്പറേഷന്‍ P-Hunt റെയിഡില്‍ നിരവധി പേര്‍ കുടുങ്ങി.


കണ്ണൂര്‍: കണ്ണൂര്‍ സിറ്റി പോലീസ് പരിധിയിലെ വിവിധ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ 06-06-2021 തിയ്യതി നടത്തിയ ഓപ്പറേഷന്‍ പി ഹണ്ട് റെയിഡില്‍ നിരവധി പേര്‍ പിടിയിലായി. കേരളത്തില്‍ എല്ലാ ജില്ലകളിലും പോലീസ് ഇന്ന് P-Hunt റെയിഡ് നടത്തിയതില്‍ നിരവധി പേരാണ് പോലീസ് പിടിയില്‍ ആയത്. സാമൂഹ്യ മാധ്യമങ്ങള്‍ വഴിയും ഡാര്‍ക്ക് നെറ്റ് വഴിയും കുട്ടികള്‍ക്കെതിരെയുള്ള ലൈംഗീകതിക്രമങ്ങളും ചിത്രങ്ങളും ഡൌണ്‍ലോഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്തുന്നതിനായി ഇന്‍റര്‍പോളുമായി കേരളാ പോലീസ് സഹകരിച്ചു പ്രവര്‍ത്തിച്ചുവരികയാണ്.

കണ്ണൂര്‍ സിറ്റി പരിധിയിലെ 10 പോലീസ് സ്റ്റേഷനുകളിലായി നടത്തിയ ഓപ്പറേഷന്‍ പി ഹണ്ടില്‍ 21 പേര്‍ക്കെതിരെ പോലീസ് U/S 102 crpc പ്രകാരം കേസ്സ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സൈബര്‍ പോലീസ് സ്റ്റേഷന്‍റെയും സെല്ലിന്‍റെയും നേതൃത്വത്തില്‍ ആണ് റെയിഡ് നടത്തിയത്. ചക്കരക്കല്‍ (2), എടക്കാട് (2), കണ്ണൂര്‍ ടൌണ്‍ (5), മയ്യില്‍ (2), വളപട്ടണം (3), കൊളവല്ലൂര്‍ (1), പാനൂര്‍ (2) പിണറായി (2), ധര്‍മ്മടം (1), തലശ്ശേരി (1) എന്നീ സ്റ്റേഷനുകളില്‍ ആണ് കേസ്സ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പ്രതികളില്‍ നിന്നും ഇത്തരം വെബ് സൈറ്റുകള്‍ സന്ദര്‍ശിച്ചതിനും വീഡിയോ ഡൌണ്‍ ലോഡ് ചെയ്തതിനുമുള്ള തെളിവുകള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. പ്രതികളില്‍ നിന്നും നിരവധി ഫോണുകളും പോലീസ് പിടികൂടി പരിശോധിച്ചു വരുന്നു.

ഇത്തരം വെബ് സൈറ്റുകള്‍ ആപ്ലികേഷനുകളും നിരോധിത പോണ്‍ സൈറ്റുകളും സന്ദര്‍ശിക്കുന്നവരെ നിരീക്ഷിക്കുന്നതിന് അന്തരാഷ്ട്ര തലത്തില്‍ പ്രത്യേക വിഭാഗം തന്നെ ഇന്‍റര്‍പോളില്‍ നിലവില്‍ ഉണ്ട്. ഇത്തരം പ്രതികളെ കണ്ടെത്തുന്നതിന് കേരളാ പോലീസ് ഇന്‍റര്‍പോളുമായി സഹകരിച്ചു പ്രവര്‍ത്തിച്ചുവരികയാണ് ഇത്തരം വ്യക്തികളെ നിരന്തരം നിരീക്ഷിച്ചതിന് ശേഷമാണ് പോലീസ് നിയമനടപടികളിലേക്ക് നീങ്ങുന്നത്.