കണ്ണൂർ ജില്ലയിലെ സ്‌പോർട്‌സ് ടർഫുകൾ രാത്രി 12 മണിക്ക് അടയ്ക്കാൻ കളക്ടറുടെ ഉത്തരവ്

കണ്ണൂർ ജില്ലയിലെ എല്ലാ സ്‌പോർട്‌സ് ടർഫുകളും ദിവസവും അടയ്‌ക്കേണ്ട സമയം രാത്രി 12 മണിയാക്കി നിശ്ചയിച്ച് ജില്ലാ കളക്ടറുടെ ഉത്തരവ്. എല്ലാ ടർഫ് ഉടമകളും ഉത്തരവ് കർശനമായി പാലിക്കണം. രാത്രി പട്രോളിംഗ് നടത്തുന്ന പോലീസിന് തിരിച്ചറിയലിനായി, ഉടമകൾ ടർഫ് ഉപയോഗിക്കുന്നവർക്ക് തിരിച്ചറിയൽ കാർഡോ ടോക്കണോ ടിക്കറ്റോ നൽകാനും ഉത്തരവിൽ നിർദേശിച്ചു. 1973ലെ ക്രിമിനൽ പ്രൊസീജ്യർ കോഡ് 133 (1) (ബി) പ്രകാരമാണ് ഉത്തരവിറക്കിയത്.
കണ്ണൂർ സിറ്റി പോലീസ് പരിധിയിലെ പ്രധാന ടൗണുകളിലും സമീപ പ്രദേശത്തും നിരവധി ഫുട്ബാൾ/ക്രിക്കറ്റ് ടർഫുകൾ പ്രവർത്തിക്കുന്നുണ്ട്. രാത്രി ഏറെ വൈകിയുള്ള ഇത്തരം കായിക പ്രവർത്തനങ്ങൾ മയക്കുമരുന്ന് വിൽപന, ഉപയോഗം എന്നിവയുമായി ഭാഗികമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് സംശയിക്കുന്നതായി സിറ്റി പോലീസ് കമ്മീഷണർ റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കളക്ടറുടെ നടപടി. ടർഫുകൾ അടക്കേണ്ട സമയം നിശ്ചയിക്കണമെന്ന് പോലീസ് അഭ്യർഥിച്ചിരുന്നു.