കണ്ണൂർ നഗരത്തിലെ അനധികൃത പാർക്കിങ്ങിനെതിരെ നടപടി ശക്തമാക്കും

കണ്ണൂർ നഗരത്തിലെ രൂക്ഷമായ പാർക്കിങ്ങ് പ്രശ്നം പരിഹരിക്കുന്നതിന് കോർപ്പറേഷൻ നിശ്ചയിച്ച് നൽകിയ പേ പാർക്കിംഗ് ഏരിയകളിൽ പേ പാർകിംഗ് സംവിധാനം ഏർപ്പെടുത്തുന്നതിന് തീരുമാനിച്ചു. മറ്റിടങ്ങളിൽ അനധികൃതമായി വാഹനം പാർക്ക്‌ ചെയ്താൽ കർശന നടപടി സ്വീകരിക്കുന്നതിന് കോർപ്പറേഷൻ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗം തീരുമാനിച്ചു.

ആദ്യഘട്ടമായി സ്റ്റിക്കർ പതിച്ച് ഫൈൻ ഈടാക്കും. രണ്ടാംഘട്ടത്തിൽ ക്രെയിൻ റിക്കവറി വെഹിക്കിൾ ഉപയോഗിച്ച് നീക്കംചെയ്തു വാഹനം പിടിച്ചെടുക്കുന്നതിനും തീരുമാനിച്ചു.
എകെജി ഹോസ്പിറ്റലിനു പിറകുവശത്തുള്ള തളാപ്പ് സ്പിന്നിങ് മിൽ റോഡിലേക്കുള്ള അനധികൃത പാർക്കിങ്ങ് ഒഴിവാക്കുന്നതിന് പോലീസ് പരിശോധന ശക്തമാക്കും. നിലവിൽ വൺവേ ആക്കിയിട്ട് ഉള്ള പാമ്പൻ മാധവൻ എകെജി റോഡ് ലൈറ്റ് വെഹിക്കിൾ വാഹനങ്ങൾക്ക് എതിർവശത്തു നിന്ന് പ്രവേശനം അനുവദിക്കും. ധനലക്ഷ്മി ഹോസ്പിറ്റലിന് സമീപത്തെ ജങ്ങ്ഷനിൽ മിനി ട്രാഫിക് ഐലൻഡ് സ്ഥാപിക്കാൻ തീരുമാനിച്ചു. ഫോർട്ട് റോഡിലെ എസ്ബിഐക്ക് സമീപത്തുനിന്നും പ്രഭാത് റോഡിലേക്കുള്ള വഴിയിൽ എതിർവശത്തേക്ക് വാഹനങ്ങൾ കയറുന്നത് തടയും. ഇതിനായി ഡിവൈഡറുകൾ സ്ഥാപിക്കും. തഴുക്കിൽ പീടിക ബസ്റ്റോപ്പ് കെഎസ്ഇബി ഓഫീസിന് സമീപത്തേക്ക് മാറ്റും. നഗരത്തിലെ ക്യാമറകൾ പരിശോധിച്ച് പ്രവർത്തനരഹിതമായവ മാറ്റി സ്ഥാപിക്കും. ഓട്ടോ സ്റ്റാൻഡുകളിൽ പാർക്കിങ്ങിന് അനുവദിച്ച എണ്ണം പ്രദർശിപ്പിക്കും. അധിക പാർക്കിങ്ങ് അനുവദിക്കില്ല. താണ ജംഗ്ഷനിൽ ബിപി ഫാറൂക്ക് റോഡിലെ എൻ എച്ചിന് സമീപത്തെ ഫ്രീലെഫ്റ്റ തടസപ്പെടാതിരിക്കാൻ നടപടി എടുക്കും

യോഗത്തിൽ മേയർ അഡ്വ. ടി ഒ മോഹനൻ അധ്യക്ഷനായി.
ഡെപ്യൂട്ടി മേയർ കെ ഷബീന, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ അഡ്വ. മാർട്ടിൻ ജോർജ്, ഷമീമ ടീച്ചർ, അഡ്വ. പി ഇന്ദിര, കോർപറേഷൻ സെക്രട്ടറി ഡി സാജു, കണ്ണൂർ ടൗൺ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കോടെരി, സബ് ഇൻസ്പെക്ടർ ബിജു പ്രകാശ് ടി.വി, ട്രാഫിക് എസ് ഐ മനോജ് കുമാർ വി വി, പൊതുമരാമത് അസിസ്റ്റന്റ് എഞ്ചിനീയർ വികെ പ്രദീപൻ ,അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ എം വി അഖിൽ തുടങ്ങിയവർ പങ്കെടുത്തു.