കണ്ണൂർ സിറ്റി റോഡ് ഇംപ്രൂവ്‌മെൻറ് പദ്ധതി അവലോകനം ചെയ്തു
കണ്ണൂരിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി നഗരത്തിലൂടെ കടന്നുപോകുന്ന റോഡുകൾ വീതി കൂട്ടി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനായുള്ള 738 കോടി രൂപയുടെ കണ്ണൂർ സിറ്റി റോഡ് ഇംപ്രൂവ്‌മെൻറ് പദ്ധതിയുടെ പുരോഗതി എം എൽ എമാരുടെ നേതൃത്വത്തിൽ അവലോകനം ചെയ്തു. ജില്ലാ കളക്ടർ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എം എൽ എമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ വി സുമേഷ് എന്നിവർ പങ്കെടുത്തു. കണ്ണൂർ നഗരത്തിലെ 11 റോഡ് ശൃംഖലകൾ ശാസ്ത്രീയമായി വികസിപ്പിക്കാനുള്ള പദ്ധതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ എം എൽ എമാർ നിർദേശം നൽകി. പദ്ധതിയൽ വാഹന ഗതാഗതത്തിന് പുറമെ കാൽനട യാത്രക്കാർക്ക് പ്രത്യേക പരിഗണന ലഭിക്കും. കൂടാതെ ട്രാഫിക് ലൈറ്റ് സംവിധാനങ്ങളും ഡ്രെയിനേജ്, ട്രാഫിക് ജങ്ഷന് പ്രത്യേക ഡിസൈൻ, യൂട്ടിലിറ്റി സർവീസ് തുടങ്ങിയ സംവിധാനങ്ങളും ഏർപ്പെടുത്തും. ഭൂമി ഏറ്റെടുക്കുന്നതിനായി 337 കോടി രൂപയും റോഡ് വികസനത്തിനായി 401 കോടി രൂപയുമായാണ് അനുവദിച്ചിരിക്കുന്നത്. അഴീക്കോട്, കണ്ണൂർ നിയോജക മണ്ഡലങ്ങളിലൂടെ കടന്നുപോവുന്നതാണ് പദ്ധതി.
യോഗത്തിൽ എഡിഎം കെ കെ ദിവാകരൻ, ഡെപ്യൂട്ടി കളക്ടർ (എൽ എ) ടി വി രഞ്ജിത്ത്, കെആർഎഫ്ബി ജനറൽ മാനേജർ സതീഷ് കുമാർ, പ്രൊജക്ട് കോ ഓർഡിനേറ്റർ സി ദേവേശൻ തുടങ്ങിയവർ പങ്കെടുത്തു.