കണ്ണൂർ സർവകലാശാല അവസാന സെമസ്റ്റർ ബി. എഡ്. പരീക്ഷാഫലം നാളെ പ്രസിദ്ധീകരിക്കും.

കണ്ണൂർ സർവകലാശാല അവസാന സെമസ്റ്റർ ബി. എഡ്. പരീക്ഷാഫലം ഇന്ന് (02/07/2021) പ്രസിദ്ധീകരിക്കും. കേരള പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ച ഹൈസ്കൂൾ ടീച്ചർ തസ്തികയിലേക്ക്‌ അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 7 ആണെന്നിരിക്കെയാണ് കോവിഡ് പ്രതിസന്ധികൾക്കിടയിലും കണ്ണൂർ യൂണിവേഴ്സിറ്റി റെക്കോർഡ് വേഗത്തിൽ ഫലപ്രസിദ്ധീകരണം നടത്തിയത്. ഈ അവസരം നഷ്ടമായാൽ ഉദ്യോഗാർഥികൾക്ക് അഞ്ച് വർഷത്തോളം കാത്തിരിക്കേണ്ടതായി വരും എന്ന സ്ഥിതി നിലനിൽക്കെയാണ് വിദ്യാർഥികളുടെ ആവശ്യം പരിഗണിച്ചും യൂണിവേഴ്സിറ്റി യൂണിയൻ, ജന പ്രതിനിധികൾ തുടങ്ങിയവരുടെ ഇടപെടലുകൾ പരിഗണിച്ചും ഫലപ്രഖ്യാപനം ചുരുങ്ങിയ സമയത്തിനുള്ളിൽ നടത്താൻ കണ്ണൂർ യൂണിവേഴ്സിറ്റി സിന്ഡിക്കേറ്റ് തീരുമാനിച്ചത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പരീക്ഷകൾ നീണ്ടുപോകുന്ന സാഹചര്യത്തിൽ ആദ്യം മൂന്നാം സെമസ്റ്റർ എഴുത്ത് പരീക്ഷകൾ നടത്തുകയും തുടർന്ന് മൂന്നാം സെമസ്റ്റർ പ്രായോഗിക പരീക്ഷകളും നാലാം സെമസ്റ്റർ എഴുത്ത് പരീക്ഷകളും നടത്തുകയായിരുന്നു. തുടർന്ന് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയും ഹാജർ നില 25 ശതമാനമായി ചുരുക്കുകയും ചെയ്ത സാഹചര്യത്തിലും മൂല്യനിർണയവും ടാബുലേഷൻ ജോലികളും പൂർത്തിയാക്കി സമയബന്ധിതമായി ഫലപ്രഖ്യാപനം നടത്തിയ അധ്യാപകരേയും പരീക്ഷാ വിഭാഗം ജീവനക്കാരെയും പരീക്ഷാ കൺട്രോളർ ഡോ. വിൻസെന്റ് പി. ജെ. അനുമോദിച്ചു. വിദ്യാർത്ഥി താല്പര്യം കണക്കിലെടുത്തു കോവിഡ് മഹാമാരികാലത്തും ജാഗ്രതയോടെയും സമയബന്ധിതമായും റിസൾട്ട് പ്രഖ്യാപിക്കാൻ സർവകലാശാല, പ്രാദേശിക തല പരീക്ഷ ഏകോപന സമിതികളുടെ ജനകീയ ഇടപെടലുകളും പരീക്ഷ സ്ഥിരം സമിതി ഉറപ്പു വരുത്തി.