കലക്ടറേറ്റിൽ മാത്രം 1500ലേറെ ഫയലുകൾ ഞായറാഴ്ച തീർപ്പാക്കി

ഫയൽ തീർപ്പാക്കൽ യജ്ഞം: ഞായറാഴ്ചയും സജീവമായി സർക്കാർ ഓഫീസുകൾ

ഫയൽ തീർപ്പാക്കൽ യജ്ഞത്തിന്റെ ഭാഗമായി കണ്ണൂർ ജില്ലയിൽ ഞായറാഴ്ചയും സർക്കാർ ഓഫീസുകൾ തുറന്നുപ്രവർത്തിച്ചു. ജില്ലാ കലക്ടറേറ്റിൽ മാത്രം 1500ലേറെ ഫയലുകൾ ഞായറാഴ്ച തീർപ്പാക്കി. ജില്ലാ കലക്ടർ മുതൽ താഴോട്ടുള്ള ജീവനക്കാർ ഓഫീസുകളിൽ പ്രവർത്തനനിരതരായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വിവിധ വകുപ്പുകളുടെ ഓഫീസുകളും പ്രവർത്തിച്ചു. കലക്ടറേറ്റിൽ 80 ശതമാനത്തോളം ജീവനക്കാർ ഹാജരായി. തുറന്നുപ്രവർത്തിച്ച മയ്യിൽ ഗ്രാമപഞ്ചായത്ത് ഓഫീസ് തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എംവി ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ച് ഫയൽ തീർപ്പാക്കലിന്റെ പുരോഗതി അവലോകനം ചെയ്തു. ജില്ലയിലെ മുഴുവൻ ഗ്രാമപഞ്ചായത്തുകളും തുറന്ന് പ്രവർത്തിക്കുകയും 50 ശതമാനത്തിലധികം ജീവനക്കാർ ഓഫീസിൽ ഹാജരാകുകയും ചെയ്തു.
കണ്ണൂർ ജില്ലയിൽ തദ്ദേശ സ്വയം ഭരണ വകുപ്പിൽ ഏപ്രിലിൽ 32000 ത്തോളം ഫയലുകൾ തീർപ്പാക്കാൻ അവശേഷിക്കുന്നുണ്ടായിരുന്നു. വകുപ്പിൽ നടത്തിയ ഫയൽ അദാലത്തിന്റെ ഭാഗമായും മുഖ്യമന്ത്രിയുടെ ഫയൽ തീർപ്പാക്കൽ യജ്ഞത്തിന്റെ ഭാഗമായും ഇത് 13213 എണ്ണമായി കുറക്കാൻ കഴിഞ്ഞു. ഫയൽ തീർപ്പാക്കൽ യജ്ഞം അവസാനിക്കുന്ന സെപറ്റംബർ 30ന് മുമ്പ് തന്നെ അവശേഷിക്കുന്ന മുഴുവൻ ഫയലുകളും തീർപ്പാക്കാന്ാണ് ലക്ഷ്യമിടുന്നത്.
2016ൽ പട്ടയത്തിന് അപേക്ഷിച്ച പയ്യന്നൂർ താലൂക്ക് ആലപ്പടമ്പ് വില്ലേജിലെ വെളിച്ചംതോട് പരേതനായ ഇവി കൃഷ്ണന്റെ ഭാര്യ ഗിരിജയ്ക്ക് കലക്ടേറേറ്റിൽ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ പട്ടയം വിതരണം ചെയ്തു. എഡിഎം കെ കെ ദിവാകരൻ, ജില്ലാ ലോ ഓഫീസർ എൻ വി സന്തോഷ്, റവന്യു വകുപ്പ് ജീവനക്കാർ എന്നിവർ സംബന്ധിച്ചു.
താലൂക്ക് ഓഫീസുകൾ, ആർഡിഒ ഓഫീസുകൾ, വില്ലേജ് ഓഫീസുകൾ എന്നിവ പ്രവർത്തിച്ചു. എഡിഎം, ഡെപ്യൂട്ടി കലക്ടർമാർ തുടങ്ങി എല്ലാ കേഡറുകളിലുള്ള ജീവനക്കാരും ഹാജരായി ഫയൽ തീർപ്പാക്കലിൽ പങ്കാളികളായി. സിവിൽ സ്റ്റേഷനിലെ വിവിധ വകുപ്പുകളുടെ ഓഫീസുകളും പ്രവർത്തിച്ചു.
മയ്യിൽ ഗ്രാമ പഞ്ചായത്തിൽ സേവനം നൽകാൻ അവശേഷിച്ചിരുന്ന 90 ഫയലുകളും ഞായറാഴ്ച തീർപ്പാക്കി. ഇത്തരത്തിൽ എല്ലാ ഗ്രാമപഞ്ചായത്തുകളിലും പ്രവർത്തനം നടത്തിയാൽ നിശ്ചയിച്ച സമയത്തിനു മുമ്പായി ലക്ഷ്യം കൈവരിക്കാൻ സാധിക്കുമെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് റിഷ്ന കെ കെ, വൈസ് പ്രസിഡന്റ് എ ടി രാമചന്ദ്രൻ, തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയന്റ് ഡയറക്ടർ ടി ജെ അരുൺ, പഞ്ചായത്ത് സെക്രട്ടറി പി ബാലൻ എന്നിവർ പങ്കെടുത്തു.
ഓഫീസുകളിൽ ഹാജരായി ഫയൽ തീർപ്പാക്കൽ യജ്ഞത്തിൽ പങ്കാളികളായ മുഴുവൻ ജീവനക്കാരെയും മന്ത്രി അഭിനന്ദിച്ചു.