കല്ലുവാതുക്കൽ കേസ്; മണിച്ചന്റെ മോചന ഹർജി സുപ്രിംകോടതിയിൽ

കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ മുഖ്യപ്രതി ചന്ദ്രൻ മണിച്ചനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. മണിച്ചൻറെ മോചനം സംബന്ധിച്ച സംസ്ഥാന സർക്കാരിൻറെ നിലപാട് രഹസ്യ രേഖയായാണ് സുപ്രീം കോടതിയിൽ സമർപ്പിച്ചത്. ജയിൽ ഉപദേശക സമിതിയുടെ രേഖകളും സംസ്ഥാന സർക്കാരിൻറെ തീരുമാനവും അടങ്ങിയ രഹസ്യ രേഖയാണ് കോടതിയിൽ സമർപ്പിച്ചത്. രേഖകൾ പരിശോധിച്ച ശേഷം വിട്ടയക്കുന്നത് സംബന്ധിച്ച തീരുമാനം അറിയിക്കുമെന്ന് പറഞ്ഞ കോടതി ഹർജി ഇന്ന് പരിഗണിക്കാൻ മാറ്റി.

മണിച്ചനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ ഉഷ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. നാൽ മാസത്തെ സമയം നൽകിയിട്ടും എന്തുകൊണ്ട് ജയിൽ ഉപദേശക സമിതി തീരുമാനം എടുത്തില്ലെന്ന് കഴിഞ്ഞയാഴ്ച കേസ് പരിഗണിച്ച കോടതി ചോദിച്ചിരുന്നു. ഉപദേശക സമിതി തീരുമാനമെടുത്തില്ലെങ്കിൽ കോടതിക്ക് തീരുമാനമെടുക്കേണ്ടി വരുമെന്നും സർക്കാർ തീരുമാനമെടുത്തില്ലെങ്കിൽ ജാമ്യം അനുവദിക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. മണിച്ചൻ ഉൾപ്പെടെയുള്ള തടവുകാരെ മോചിപ്പിക്കാൻ സർക്കാർ നൽകിയ ശുപാർശയാണ് നിലവിൽ ഗവർണറുടെ പരിഗണനയിലുള്ളത്.