കാട്ടാന ശല്യം: സൗരോർജ തൂക്കുവേലി സ്ഥാപിക്കണം: ഡി പി സി


കാട്ടാന ആക്രമണം നേരിടുന്ന പ്രദേശങ്ങളിൽ സൗരോർജ തൂക്കുവേലി സ്ഥാപിക്കണമെന്ന് സംസ്ഥാന സർക്കാരിനോട്‌ ജില്ലാ ആസൂത്രണ സമിതി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് സർക്കാരിന് നിർദേശം സമർപ്പിക്കും. ആറളം, ഉളിക്കൽ, അയ്യങ്കുന്ന്, ഉദയഗിരി, പയ്യാവൂർ ഉൾപ്പെടെയുള്ള പഞ്ചായത്തുകളിൽ കാട്ടാന ശല്യം രൂക്ഷമായ സാഹചര്യത്തിലാണിത്. കാട്ടാന ശല്യം നേരിടുന്ന പഞ്ചായത്തുകൾ ഫെൻസിങ് മാപ്പ് തയ്യാറാക്കി ഉടൻ സമർപ്പിക്കണമെന്നും യോഗം നിർദേശിച്ചു. പട്ടിക വർഗ്ഗ മേഖലയിൽ നടപ്പാക്കുന്ന ‘ട്രൈബൽ മിഷൻ്റെ’ ഭാഗമായി 100 കോളനികളെ ജില്ലാ പഞ്ചായത്ത് ദത്തെടുക്കും. ഇതിനായി പട്ടിക വർഗ്ഗ കോളനികളിൽ സമഗ്ര പഠനം നടത്തും. ‘മനസ്സോടിത്തിരി മണ്ണ്’ ക്യാമ്പയിൻ്റെ ഭാഗമായി ഭവന നിർമാണത്തിന് സ്ഥലം സംഭാവന ചെയ്യാൻ താല്പര്യമുള്ളവരെ ഉടൻ കണ്ടെത്താൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി.
ഡ്യൂട്ടി ക്രമീകരിക്കുന്നതിൻ്റെ ഭാഗമായി ആരോഗ്യ പ്രവർത്തകരെ മാറ്റുന്നത് ആരോഗ്യ കേന്ദ്രത്തിൻ്റെ പ്രവർത്തനത്തെ ബാധിക്കാതിരിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി കൂടി ആലോചിക്കണമെന്നും യോഗം നിർദ്ദേശിച്ചു.
ഡി പി സി ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ ആസൂത്രണ സമിതി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍, ആസൂത്രണ സമിതി അംഗങ്ങളായ അഡ്വ. ടി ഒ മോഹനന്‍, അഡ്വ. ബിനോയ് കുര്യന്‍, ടി സരള, ലിസി ജോസഫ്, ശ്രീന പ്രമോദ്, കെ താഹിറ, വി ഗീത, ഇ വിജയന്‍ മാസ്റ്റര്‍, കെ വി ഗോവിന്ദന്‍, എന്‍ പി ശ്രീധരന്‍, തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്‍മാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.