കാനഡയില്‍ കടുത്ത ഉഷ്ണതരംഗത്തില്‍പെട്ട് മരിക്കുന്നവരുടെ എണ്ണം കൂടുന്നു

കാനഡയില്‍ കടുത്ത ഉഷ്ണതരംഗത്തില്‍പെട്ട് മരിക്കുന്നവരുടെ എണ്ണം കൂടുന്നു. കഴിഞ്ഞ ആറുദിവസത്തിനുള്ളില്‍ 500ലേറെപ്പേര്‍ ചൂട് കാരണം മരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കയിലെ ഒറിഗണിലും വാഷിങ്ടണിലുമായി നൂറോളം പേരും മരിച്ചു. കാനഡയിലെ പല നഗരങ്ങളിലും താപനില 49 ഡിഗ്രി സെല്‍ഷ്യസ് കടന്നു. മരണ സംഖ്യ കൂടുന്നത് രാജ്യത്ത് ആശങ്കയ്ക്കിടയാക്കുകയാണ്. ബ്രിട്ടിഷ് കൊളംബിയയിലെ ലിറ്റനിലാണ് രാജ്യത്തെ എക്കാലത്തെയും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്.

അത്യുഷ്ണത്തിന് ഒപ്പം കാട്ടുതീയും കാനഡയെ ചുട്ടുപൊള്ളിക്കുകയാണ്. കഴിഞ്ഞ ദിവസം മാത്രം ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയില്‍ അറുപതിലധികം ഇടങ്ങളില്‍ തീപിടുത്തമുണ്ടായി. ആയിരക്കണക്കിന് പേരെ ഒഴിപ്പിച്ചു. ജാഗ്രത പാലിക്കാനും മുന്‍കരുതലുകള്‍ സ്വീകരിക്കാനും ജനങ്ങള്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കി.