കാനഡയിൽ തലച്ചോറിനെ ബാധിക്കുന്ന അജ്ഞാത രോഗം

ഒട്ടാവ: തലച്ചോറിനെ ബാധിക്കുന്നതെന്ന് കരുതുന്ന അജ്ഞാത രോഗത്തിന്റെ ഭീതിയിൽ കാനഡ. കാഴ്ച, കേൾവി പ്രശ്നങ്ങൾ, സ്മൃതിനാശം, ശരീരത്തിന്റെ സംതുലനം നഷ്ടപ്പെടൽ, നടക്കാൻ പ്രയാസം തുടങ്ങിയവയാണ് ലക്ഷണങ്ങൾ. കാനഡയിലെ ന്യൂ ബ്രൺസ്വിക് പ്രവിശ്യയിലാണ് ഈ അജ്ഞാത രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതുകൊണ്ടുതന്നെ ന്യൂ ബ്രൺസ്വിക് സിൻഡ്രോം എന്നാണ് രോഗത്തിന് പേരുനൽകിയിരിക്കുന്നത്.

48 പേർക്ക് ഇതിനകം രോഗം ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ആറ് പേർ രോഗം ബാധിച്ച് മരിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 18നും 85നും ഇടയിൽ പ്രായമുള്ളവരിലാണ് രോഗം സ്ഥിരീകരിച്ചട്ടുള്ളത്. സ്ത്രീകളും പുരുഷൻമാരും രോഗബാധിതരായിട്ടുണ്ട്. രോഗം തലച്ചോറിനെയാണ് ബാധിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം. ഇത് വ്യാപിച്ചുകൊണ്ടിരിക്കുകയാണെന്നാണ് കരുതുന്നത്.