കാന്‍സര്‍ നിയന്ത്രിത പ്രവര്‍ത്തനമികവില്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍

കണ്ണൂർ: സംസ്ഥാനത്ത് കാന്‍സര്‍ നിയന്ത്രിത പ്രവര്‍ത്തനം വിജയകരമായി പൂര്‍ത്തീകരിച്ച ആദ്യ കോര്‍പ്പറേഷനായി കണ്ണൂര്‍. കോര്‍പ്പറേഷന്റെയും പൊതുജനാരോഗ്യവകുപ്പിന്റെയും സഹകരണത്തോടെ മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റിയാണ് പദ്ധതി നടപ്പാക്കിയത്. 2018-22 വര്‍ഷങ്ങളിലാണ് ഇതിന്റെ ആദ്യഘട്ട പ്രവര്‍ത്തനം നടന്നത്.

ആശാവര്‍ക്കര്‍മാര്‍, റസിഡന്റ്സ് – കുടുംബശ്രീ അംഗങ്ങളുള്‍പ്പെടെയുള്ള 1200-ഓളം വൊളന്റിയര്‍മാരാണ് കാന്‍സര്‍ പ്രതിരോധ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. കൈപ്പുസ്തകവിതരണം, സാധ്യതാലക്ഷണം സംശയിക്കുന്നവരെ വീട്ടില്‍നിന്ന് കണ്ടെത്തല്‍, ഗ്രാമതല ഫില്‍ട്ടര്‍ ക്യാമ്ബുകള്‍ എന്നിവയും നടത്തി. തുടര്‍ന്ന് മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റിയുടെ സഞ്ചരിക്കുന്ന സ്പെഷ്യാലിറ്റി ആസ്പത്രിയായ സഞ്ജീവിനി ടെലി ഓങ്കോനെറ്റ് യൂണിറ്റിലെ അത്യാധുനിക സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തി എല്ലാ സോണുകളിലും മെഗാ ക്യാമ്പ് നടത്തി.

ആദ്യഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയത് 2022-ല്‍

ആദ്യഘട്ടത്തില്‍ 13 പേരിലെ കാന്‍സര്‍ കണ്ടെത്തി ചികിത്സാ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. ഈ വര്‍ഷം രണ്ടാംഘട്ട തുടര്‍പ്രവര്‍ത്തനത്തിന്റെ ഭാഗമായി എട്ട് ഫില്‍ട്ടര്‍ ക്യാമ്പുകൾ നടത്തി. 740 പേരെ വിദഗ്ധപരിശോധനയ്ക്ക് വിധേയമാക്കി.

രോഗ സംശയമുള്ളവരെ മാമ്മോഗ്രാം, അള്‍ട്രാ സൗണ്ട് തുടങ്ങിയ പരിശോധനകള്‍ക്ക്‌ വിധേയമാക്കി. നാലുപേരില്‍ തുടക്കത്തില്‍തന്നെ രോഗം കണ്ടെത്തി. അവര്‍ക്ക് ചികിത്സാനിര്‍ദേശം നല്‍കി. തുടര്‍പ്രവര്‍ത്തനവും ഉറപ്പുവരുത്തി.

കണ്ണൂര്‍ വനിതാ കോളേജില്‍ നടന്ന അവസാന ഘട്ട മെഗാ ക്യാമ്പ് മേയര്‍ ടി.ഒ. മോഹനന്‍ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയര്‍ കെ.ഷബീന അധ്യക്ഷത വഹിച്ചു. മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റി പ്രസിഡന്‍റ് ഡി.കൃഷ്ണനാഥ പൈ മുഖ്യപ്രഭാഷണം നടത്തി.

സ്ഥിരംസമിതി അധ്യക്ഷരായ എം.പി. രാജേഷ്, അഡ്വ. പി. ഇന്ദിര, കൗണ്‍സിലര്‍മാരായ ശ്രീലത, മുസ്ലീഹ് മഠത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു. ക്യാമ്ബിന് ഡോ. വി.സി. രവീന്ദ്രന്‍, ഡോ. ഹര്‍ഷ ഗംഗാധരന്‍, ഡോ. ബീന കൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.