കാലനുസൃതമായി അടിസ്ഥാന വികസനസൗകര്യമൊരുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം :മുഖ്യമന്ത്രി

കാലാനുസൃതമായ അടിസ്ഥാന വികസന സൗകര്യങ്ങളൊരുക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്നും സംസ്ഥാനം ആ ലക്ഷ്യത്തിലേക്ക് അടുത്തു കൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പരിതാപകരമായ അവസ്ഥയില്‍ നിന്നും പശ്ചാത്തല സൗകര്യ വികസനത്തിന്റെ കാര്യത്തില്‍ കേരളം വളരെയധികം പുരോഗമിച്ചതായും അദ്ദേഹം സൂചിപ്പിച്ചു. സര്‍ക്കാരിന്റെ നൂറു ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെട്ടിട്ടുള്ള സ്‌കൂളുകളുടെ കെട്ടിടങ്ങള്‍, നവീകരിച്ച ലാബുകള്‍ എന്നിവയുടെ ഉല്‍്ഘാടനം, പുതിയ കെട്ടിടങ്ങളുടെ തറക്കല്ലിടല്‍ എന്നിവ നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.
വിദ്യാഭ്യാസ, ആരോഗ്യ മേഖലകളാണ് പശ്ചാത്തല വികസനത്തിന്റെ കാര്യത്തില്‍ ഏറ്റവും മുന്നിട്ട് നില്‍ക്കുന്നത്. കേരളത്തിലെ എല്ലാ സ്‌കൂളുകളും ഒരേ പോലെ മികവിന്റെ കേന്ദ്രങ്ങളായി മാറും. പാവപ്പെട്ട കുട്ടികള്‍ക്കാണ് അതിന്റെ ഗുണഫലം ലഭിക്കുക. സ്‌കൂളുകളുടെ പശ്ചാത്തല സൗകര്യ വികസനത്തിനൊപ്പം അക്കാദമിക് നിലവാരവും ഉയര്‍ത്തുക എന്ന ദൗത്യത്തിന്റെ ഭാഗമായി അധ്യാപകര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്.
രാജ്യത്തെയും ലോകത്തെയും ഒരുപോലെ ശ്രദ്ധിക്കുന്നവരാണ് കേരളത്തിലുള്ളവര്‍. ആ പ്രത്യേകത കൊണ്ടാണ് വിദ്യാഭ്യാസ രംഗത്ത് മികച്ച നേട്ടമുണ്ടാക്കാന്‍ സംസ്ഥാനത്തിന് കഴിഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
സ്‌കൂളുകളുടെ പശ്ചാത്തല സൗകര്യവികസനം ഒരുക്കുന്നതിന്റെ ഭാഗമായി നിര്‍മ്മിച്ച ലാബുകള്‍ കുട്ടികള്‍ക്ക് മാത്രമല്ല നാടിനു തന്നെ ഉപകാരപ്പെടുന്ന ഒന്നാണ്. സ്‌കൂളുകള്‍ക്ക് അടുത്തുള്ള വീടുകളിലെ കുടിവെള്ളം പരിശോധനയ്ക്ക് ഉള്‍പ്പെടെ ഈ ലാബുകളെ പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കുട്ടികള്‍ക്ക് ഒരു കുറവും വരുത്താത്ത രീതിയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ടു വിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതല്‍ കരുത്തു പകരാന്‍ സര്‍ക്കാരിന് കഴിഞ്ഞു. കൊവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസരംഗത്തും നിരവധി പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നു. അവയെല്ലാം പരിഹരിച്ചു മുന്നോട്ട് പോകാന്‍ വിദ്യാഭ്യാസ മേഖലക്കായി. 4000 കോടി രൂപയുടെ വികസനമാണ് വിദ്യാഭ്യാസ മേഖലയില്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ട് വന്നത.് വിദ്യാഭ്യാസ മേഖലയെ അത്രയും പ്രധാന്യത്തോടെയാണ് കാണുന്നതിന് തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു. ഒരു പ്രതിസന്ധിയിലും വിറങ്ങലിച്ചു നില്‍ക്കാതെ പ്രതിസന്ധികളെ അവസരമാക്കി മുന്നേറുന്ന നടപടികളാണ് നാം സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ജില്ലയിലെ 10 മണ്ഡലങ്ങളിലെ 18 സ്‌കൂളുകള്‍ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന് വേണ്ടി 17.75 കോടി രൂപയുടെ പ്രവൃത്തികളാണ് വകയിരുത്തിയിട്ടുള്ളത്. ഇതില്‍ 3.75കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി.

രണ്ടേകാല്‍ കോടി രൂപ പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ധര്‍മ്മടം മണ്ഡലത്തിലെ മുഴപ്പിലങ്ങാട് ഗവ. എച്ച് എസ് എസിന്റെ കെട്ടിടോദ്ഘാടനം, ഒന്നരക്കോടി രൂപ ചെലവിട്ട് നവീകരിച്ച തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതന്‍ ജി എച്ച് എസ് എസ്, ജി വി എച്ച് എസ് എസ് ചിറക്കര, ജി എച്ച് എസ് എസ് പ്രാപ്പൊയില്‍ എന്നീ സ്‌കൂളുകളിലെ ലാബുകളുടെ ഉദ്ഘാടനവും കിഫ്ബി ഫണ്ടില്‍ നിന്നും ഒരു കോടി രൂപ വീതം ചെലവഴിച്ച് നിര്‍മ്മിക്കുന്ന ജി എച്ച് എസ് എസ് തടിക്കടവ്, എ കെ എസ് ജി എച്ച് എസ് എസ് മലപ്പട്ടം, ജി എച്ച് എസ് രയരോം, ജി വി എച്ച് എസ് എസ് കാര്‍ത്തികപുരം, ജി എച്ച് എസ് എസ് നെടുങ്ങോം, ജി എച്ച് എസ് കണിയഞ്ചാല്‍, ഗവ ടൗണ്‍ എച്ച് എസ് കണ്ണൂര്‍, ജി എച്ച് എസ് കോട്ടയം മലബാര്‍, ജി എം യു പി എസ് കാട്ടാമ്പള്ളി, ജി എച്ച് എസ് എസ് അരോളി, ജി എച്ച് എസ് എസ് പെരിങ്ങോം, ജി ഡബ്ല്യൂ എച്ച് എസ് എസ് ചെറുകുന്ന്, ജി യു പി എസ് ചെട്ടിയാംപറമ്പ്, ജി എച്ച് എസ് എസ് വടക്കുമ്പാട് എന്നീ സ്‌കൂള്‍ കെട്ടിടങ്ങളുടെ തറക്കല്ലിടലുമാണ് നടന്നത്. തളിപ്പറമ്പ് മണ്ഡലത്തിലെ പരിപാടികളില്‍ തദ്ദേശ സ്വയംഭരണ എക്സ്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ഓണ്‍ലൈനായി പങ്കെടുത്തു.

മുഴപ്പിലങ്ങാട് ഗവ. എച്ച് എസ് എസ്‌ന്റെ കെട്ടിടത്തിന്റെ ശിലാഫലകം അനാച്ഛാദനം മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍ നിര്‍വ്വഹിച്ചു. രണ്ടു നിലകളിലായി ആറ് ക്ലാസ്സ് റൂമുകളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ഒന്നരവര്‍ഷം കൊണ്ടാണ് കെട്ടിടത്തിന്റെ പണി പൂര്‍ത്തീകരിച്ചത്.

പരിപാടിയില്‍ മുഴപ്പിലങ്ങാട് പഞ്ചായത്ത് പ്രസിഡണ്ട് ടി സജിത, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി വി റോജ, വാര്‍ഡ് മെമ്പര്‍ കെ ലക്ഷ്മി, ഡി ഡി ഇ മനോജ് മണിയൂര്‍, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ ഓഡിനേറ്റര്‍ പി വി പ്രദീപന്‍,എ ഇ ഒ കൃഷ്ണന്‍ കുറിയ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എന്‍ സജീവന്‍, ഹെഡ്മിസ്‌ട്രെസ് എന്‍ സുധ തുടങ്ങിയവര്‍ പങ്കെടുത്തു. എം എല്‍ എ മാര്‍ മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ വിവിധ മണ്ഡലങ്ങളിലെ പരിപാടികളില്‍ സംബന്ധിച്ചു.