കാലവർഷം: ജില്ലയിൽ 72.33 ലക്ഷത്തിന്റെ കൃഷിനാശം

കാലവർഷക്കെടുതിയിൽ ജില്ലയിൽ കൃഷിനാശം തുടരുന്നു. ജൂലൈ 11, 12 തീയ്യതികളിലായി 72.33 ലക്ഷം രൂപയുടെ നഷ്ടമാണ് കർഷകർക്കുണ്ടായത്. 17.41 ഹെക്ടറിൽ 371 കർഷകരുടെ കൃഷിയാണ് നശിച്ചത്.
11.78 ഹെക്ടറിലെ 13,200 വാഴകൾ നശിച്ചപ്പോൾ 63.86 ലക്ഷത്തിന്റെ നഷ്ടമുണ്ടായി. ഇതിൽ 7672 കുലക്കാത്ത വാഴയും 5528 കുലച്ച വാഴകളുമാണ്. 251 കർഷകരെയാണ് ഇത് ബാധിച്ചത്. 0.40 ഹെക്ടറിൽ 15 കർഷകരുടെ 116 ടാപ്പ് ചെയ്യുന്ന റബ്ബർ മരങ്ങൾ നശിച്ചു. ഇതിലൂടെ 2.32 ലക്ഷത്തിന്റെ നഷ്ടമുണ്ടായി. 0.08 ഹെക്ടറിൽ 12 കർഷകരുടെ 12 കായ്ഫലമുള്ള തെങ്ങുകൾ നശിച്ചപ്പോൾ 60,000 രൂപയുടെ നഷ്ടമുണ്ടായി. മൂന്ന് ഹെക്ടറിലെ നെൽകൃഷി നശിച്ചു. 35 കർഷകർക്ക് 4.50 ലക്ഷത്തിന്റെ നഷ്ടമുണ്ടായി. 23 കർഷകരുടെ 0.50 ഹെക്ടറിലെ 35 കവുങ്ങ് നശിച്ചപ്പോൾ 11,000 രൂപയുടെ നഷ്ടമുണ്ടായി. 0.45 ഹെക്ടറിൽ 72 കശുമാവിൻ മരങ്ങൾ നശിച്ചപ്പോൾ 16 കർഷകർക്ക് 72,000 രൂപയുടെ നഷ്ടം. ഒരു ഹെക്ടറിലെ മരച്ചീനി നശിച്ചതോടെ 13,000 രൂപയുടെ നഷ്ടമാണ് 18 കർഷകർക്കുണ്ടായത്. 0.20 ഹെക്ടറിലെ പച്ചക്കറി കൃഷി നശിച്ചപ്പോൾ ഒരു കർഷകന് 9000 രൂപയുടെ നഷ്ടമുണ്ടായി.