കാലവർഷക്കെടുതി: കണ്ണൂർ ജില്ലയിൽ 10 വീടുകൾ തകർന്നു

ജില്ലയിൽ കനത്ത മഴയിൽ നാശനഷ്ടങ്ങൾ തുടരുന്നു. രണ്ട് വീടുകൾ പൂർണമായും എട്ട് വീടുകൾ ഭാഗികമായും തകർന്നു. പയ്യന്നൂർ, തളിപ്പറമ്പ് താലൂക്കുകളിലെ ഓരോ വീടുകളാണ് പൂർണമായും തകർന്നത്.
പയ്യന്നൂർ താലൂക്ക് പെരിങ്ങോം വില്ലേജിലെ പി രമണിയുടെ വീട് പൂർണമായി തകർന്നതോടെ ഇവരെ ബന്ധുവീട്ടിലേക്ക് മാറ്റി. വെള്ളൂർ വില്ലേജിൽ ചെമ്മഞ്ചേരി രാജുവിന്റെ വീട്ടുകിണർ ഇടിഞ്ഞ് താഴ്ന്നു. ചെറുതാഴം കോട്ടയിൽ പ്രദേശത്ത് 20 വീടുകളിലും ഏഴോം കണ്ണോം-കുളവയൽ പൊതുമരാമത്ത് റോഡിലും വെള്ളം കയറി. രാമന്തളി വടക്കുമ്പാട് റേഷൻ കടയിൽ വെള്ളം കയറി 50ഓളം ചാക്ക് അരി നശിച്ചു.
തളിപ്പറമ്പ് താലൂക്കിൽ ഒരു വീട് പൂർണമായും അഞ്ച് വീടുകൾ ഭാഗികമായും തകർന്നു. ചപ്പാരപ്പടവിലെ ശാന്തിഗിരിയിൽ പി വി കമലയുടെ വീട് പൂർണമായും ശ്രീകണ്ഠാപുരം കാഞ്ഞിലേരിയിലെ കെ കെ രോഹിണി, എരുവേശ്ശി അമ്പഴത്തിൻചാലിൽ ജോസഫ് പള്ളിപ്പുറത്ത്, നടുവിൽ കോട്ടയംതട്ടിലെ പള്ളത്ത് ബാലൻ, ചേലേരി കാഴച്ചിറ കൊല്ലന്റെവളപ്പിൽ ആമിന, എരുവേശ്ശി മിടിലക്കയത്തെ ജോസഫ് വയലാറ്റ് എന്നിവരുടെ വീട് ഭാഗികമായും തകർന്നു. വെള്ളം കയറിയതിനെ തുടർന്ന് കുറുമാത്തൂർ പഞ്ചായത്തിലെ മുയ്യം, പരിയാരം പഞ്ചായത്തിലെ കുറ്റ്യേരി എന്നിവിടങ്ങളിൽ നിന്നും ഓരോ കുടുംബങ്ങളെ ബന്ധു വീടുകളിലേക്ക് മാറ്റിപാർപ്പിച്ചു.
തലശ്ശേരി താലൂക്കിലെ പട്ടാനൂർ കൊടോളിപ്രത്തെ പി നാരായണന്റെ വീട് ഭാഗികമായി തകർന്നു. കതിരൂർ പുല്ല്യോടെ എം സി പ്രവീണിന്റെ വീട്ടുകിണർ ഇടിഞ്ഞ് താഴ്ന്നു. ഇരിട്ടി താലൂക്കിലും രണ്ട് വീടുകൾ ഭാഗികമായി തകർന്നു.