കാഴ്ചശക്തിയില്ലാത്ത ലോട്ടറി വില്‍പ്പനക്കാരനെ കബളിപ്പിച്ച് ലോട്ടറിടിക്കറ്റുകള്‍ തട്ടിയെടുത്ത സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി
പാലക്കാട്: പത്തിരിപ്പാലയില്‍ കാഴ്ചശക്തിയില്ലാത്ത ലോട്ടറി വില്‍പ്പനക്കാരനെ കബളിപ്പിച്ച് ലോട്ടറിടിക്കറ്റുകള്‍ തട്ടിയെടുത്ത സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് അന്വേഷണം. മങ്കര പൊലീസാണ് അന്വേഷണം നടത്തുന്നത്.
പൊലീസിനൊപ്പം നാട്ടുകാരും വിഷയത്തില്‍ സജീവമായി ഇടപെടുന്നുണ്ട്. സെപ്തംബര്‍ 15 നാണ് കാഴ്ചശക്തിയില്ലാത്ത പത്തിരിപ്പാല സ്വദേശി അനില്‍കുമാറില്‍ നിന്നും ലോട്ടറി ടിക്കറ്റുകള്‍ തട്ടിയെടുത്ത് പകരം പഴയ ടിക്കറ്റുകള്‍ നല്‍കി കബളിപ്പിച്ചത്. ലോട്ടറിവിറ്റ് ഉപജീവന മാര്‍ഗം കണ്ടെത്തിയിരുന്ന അനില്‍കുമാറിനോട് വലിയ ക്രൂരതയാണ് ബൈക്കില്‍ തട്ടിപ്പുകാരന്‍ നടത്തിയത്.
കാഴ്ചയില്ലാത്ത അനില്‍കുമാറില്‍ നിന്നു ലോട്ടറി ടിക്കറ്റ് വാങ്ങാനെന്ന വ്യാജേന, ടിക്കറ്റുകള്‍ വാങ്ങി പരിശോധിച്ചു. ഇതിനിടെ താന്‍ മുന്‍പെടുത്ത ടിക്കറ്റിന്, ആയിരം രൂപ സമ്മാനം അടിച്ചിട്ടുണ്ടെന്നും പണം നല്‍കാമോയെന്നും ചോദിച്ചു. എന്നാല്‍ ടിക്കറ്റ് കാണാന്‍ കഴിയാത്തതിനാല്‍ അങ്ങനെ പണം നല്‍കാറില്ലെന്ന് അനില്‍കുമാര്‍ മറുപടി നല്‍കി.ഇതോടെ ഇയാള്‍ ടിക്കറ്റുകള്‍ തിരിച്ചു നല്‍കി മടങ്ങി. എന്നാല്‍ മറ്റൊരാള്‍ക്ക് ടിക്കറ്റ് വിറ്റപ്പോഴാണ് താന്‍ കബളിപ്പിക്കപ്പെട്ട വിവരം അനില്‍ കുമാര്‍ അറിയുന്നത്. പരിശോധിക്കാന്‍ വാങ്ങിയ 11 ടിക്കറ്റുകള്‍ക്ക് പകരം പഴയ ടിക്കറ്റുകളാണ് തിരിച്ചു നല്‍കിയിരുന്നത്.