കിടപ്പ് രോഗികള്‍ക്ക് കൊവിഡ് വാക്സിന്‍: ജില്ലാ പഞ്ചായത്തിന്റെ മൊബൈല്‍ വാക്‌സിനേഷന്‍ തുടങ്ങി
കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ജില്ലയിലെ കിടപ്പ് രോഗികള്‍ക്കായി ജില്ലാ പഞ്ചായത്ത് ഏര്‍പ്പെടുത്തിയ രണ്ട് മൊബൈല്‍ വാക്‌സിനേഷന്‍ യൂണിറ്റുകളുടെ ഫ്‌ളാഗ് ഓഫ് ജില്ലാ പഞ്ചായത്ത് അങ്കണത്തില്‍ വാക്‌സിന്‍ ചലഞ്ചിലൂടെ ശ്രദ്ധേയനായ ചാലോടന്‍ ജനാര്‍ദ്ദനന്‍ നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. മൊബൈല്‍ വാക്‌സിനേഷനായി രണ്ട് ട്രാവലറുകളും ഡ്രൈവര്‍മാരെയും ഇന്ധനവുമാണ് ജില്ലാ പഞ്ചായത്ത് നല്‍കുന്നത്. ആവശ്യമായ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ മറ്റാരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരെ ദേശീയ ആരോഗ്യ ദൗത്യം വഴിയാണ് നിയോഗിക്കുക. ആദ്യഘട്ടത്തില്‍ ട്രൈബല്‍ മേഖലയിലും വൃദ്ധസദനങ്ങളിലുമാണ് മൊബൈല്‍ വാക്‌സിനേഷന്‍ യൂണിറ്റിന്റെ സേവനം ഉറപ്പാക്കുക.
വാക്‌സിന്‍ ലഭിക്കുന്ന മുറയ്ക്ക് മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന മൊബൈല്‍ വാക്‌സിനേഷന്‍ സൗകര്യങ്ങള്‍ ഉറപ്പാക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അറിയിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ വി കെ സുരേഷ് ബാബു, അഡ്വ.കെ കെ രത്‌നകുമാരി, അഡ്വ. ടി സരള, യു പി ശോഭ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സി പി ഷിജു, എന്‍ വി ശ്രീജിനി, എന്‍ പി ശ്രീധരന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രന്‍, ഡി എം ഒ ഡോ.കെ നാരായണ നായ്ക്, ഡി പി എം ഡോ. പി കെ അനില്‍കുമാര്‍, ഡോ. സന്തോഷ് എന്നിവര്‍ പങ്കെടുത്തു.