കിരണിനെ പിരിച്ചുവിട്ടത് ശരിയായ തീരുമാനം; മന്ത്രി ആന്റണി രാജു

വിസ്മയ കേസിലെ വിധി തിന്മയ്ക്കെതിരായ വലിയ സന്ദേശമാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. വിസ്മയയുടെ ഭർത്താവും മുൻ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുമായ കിരൺ കുമാറിനെ സർക്കാർ പിരിച്ചുവിട്ടിരുന്നു.ആ തീരുമാനം ശരിയായതായിരുന്നെന്നും മന്ത്രി കൂട്ടിച്ചേർത്തു. വിധി സർക്കാർ ഉദ്യോഗസ്ഥർക്ക് ഒരു പാഠമാണ്. സ്ത്രീധനം ആവശ്യപ്പെട്ടാലും വകുപ്പുതല അന്വേഷണം നടത്താമെന്നും സർവീസിൽ നിന്ന് പിരിച്ചു വിടാമെന്നും സർവീസ് ചട്ടത്തിൽ പറയുന്നു. ഉദ്യോഗസ്ഥർക്ക് ആ ധാരണ ഉണ്ടായിരിക്കണം.

തെളിവുകളുടെ അഭാവത്തിൽ പ്രതികളെ വിട്ടയക്കുന്ന രീതി ഇത്തരം കേസുകളിൽ നിലവിലുണ്ടായിരുന്നു. എന്നാൽ, ഈ കേസിൽ മുൻ ട്രാൻസ്പോർട്ട് കമ്മീഷണർ എം.ആർ അജിത് കുമാറിന്റെ നേതൃത്വത്തിൽ സമഗ്രമായ അന്വേഷണം നടത്തി. ഗതാഗത വകുപ്പാണ് ഏറ്റവും വലിയ ശിക്ഷ നൽകിയത്. കിരൺ കുമാറിനെ പിരിച്ചുവിട്ടതിനാൽ മറ്റൊരു സർക്കാർ ജോലി ലഭിക്കില്ല. സ്ത്രീധന പീഡനക്കേസിൽ ആദ്യമായാണ് ഒരു സർക്കാർ ഉദ്യോഗസ്ഥനെ പിരിച്ചു വിടുന്നതെന്നും മന്ത്രി പറഞ്ഞു.

വിസ്മയയുടെ ഭർത്താവ് കിരൺ കുമാർ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ, ഗാർഹിക പീഡനം എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇതോടെയാണ് പ്രതികളുടെ ജാമ്യം കോടതി റദ്ദാക്കിയത്. വിധി കേൾക്കാൻ വിസ്മയയുടെ പിതാവും ബന്ധുക്കളും കോടതിയിലെത്തിയിരുന്നു.