കിരൺ കുമാർ പൂജപ്പുര സെൻട്രൽ ജയിലിലെ എട്ടാം ബ്ലോക്കിൽ
വിസ്മയ കേസിൽ 10 വർഷം കഠിനതടവിനു ശിക്ഷിക്കപ്പെട്ട കിരൺ കുമാറിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് കൊണ്ടുവന്നു. ഇയാൾക്ക് എട്ടാം നമ്പർ ബ്ലോക്കിലെ അഞ്ചാം നമ്പർ സെൽ നൽകി. കിരൺ കുമാറിന്റെ ജയിൽ നമ്പർ 5018 ആണ്. ഇയാൾ മാത്രമാണ് സെല്ലിലുള്ളത്.
കിരൺ കുമാറിന്റെ മാനസികവും ശാരീരികവുമായ അവസ്ഥകൾ വിലയിരുത്തിയ ശേഷം മറ്റ് അന്തേവാസികൾക്കൊപ്പം മറ്റൊരു സെല്ലിലേക്ക് മാറ്റും. ശിക്ഷിക്കപ്പെട്ടതിനാൽ അയാൾക്ക് ജയിലിൽ ജോലി ചെയ്യേണ്ടിവരും. ഏത് തരത്തിലുള്ള ജോലി ചെയ്യണമെന്ന് തീരുമാനിക്കുന്നത് ജയിൽ അധികൃതരാണ്.
കൊല്ലം ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന കിരൺ കുമാറിനെ ബുധനാഴ്ച രാവിലെയാണ് പൂജപ്പുര സെൻട്രൽ ജയിലിലേക്ക് കൊണ്ടുവന്നത്. നേരത്തെ പൂജപ്പുര സെൻട്രൽ ജയിലിൽ വിചാരണ ഘട്ടത്തിൽ കുറച്ചുകാലം ചെലവഴിച്ചിരുന്നു. സ്ത്രീധന മരണത്തിൻ (ഐപിസി 304 ബി) പരമാവധി ശിക്ഷ 10 വർഷം കഠിന തടവാണ്. വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കിരണിൻറെ കുടുംബം. 2021 ജൂൺ 21 നാണ് സ്ത്രീധന പീഡനത്തെ തുടർന്ന് വിസ്മയ ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്തത്.