കുതിച്ച് ക്ഷീരമേഖല; ഒരു വര്‍ഷം കൊണ്ട് 6.14 കോടി ലിറ്റര്‍ പാല്‍ ഉത്പാദനം കൂടി

കൊവിഡ് പ്രതിസന്ധിക്കിടയിലും സംസ്ഥാനത്ത് പാൽ ഉൽപാദനത്തിലും വിപണനത്തിലും റെക്കോർഡ് വർദ്ധനവ്. കഴിഞ്ഞ ഒരു വർഷത്തിനിടെ സംസ്ഥാനത്ത് പാൽ ഉൽപ്പാദനം 6.14 കോടി ലിറ്റർ വർദ്ധിച്ചു. മിൽമ വഴി വിൽക്കുന്ന പാലിന്റെ അളവും 25 ശതമാനം വർദ്ധിച്ചു. ക്ഷീരകർഷകർ പ്രാദേശികമായി വിൽക്കുന്ന പാലിനു പുറമേയാണിത്. 2021-22 സാമ്പത്തിക വർഷത്തിൽ സംസ്ഥാനത്തെ 3,350 ക്ഷീരസംഘങ്ങളിൽ നിന്നായി 77,32,72,364 ലിറ്റർ പാൽ സംഭരിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം 29,384 കോടി രൂപയാണ് ക്ഷീരസംഘങ്ങൾ ക്ഷീരകർഷകർക്ക് വിതരണം ചെയ്തത്.

ഓണത്തിനും വിഷുവിനും പുറത്തുനിന്ന് പാൽ
ഉത്പാദനം വർദ്ധിച്ചെങ്കിലും ഓണം, വിഷു സീസണുകളിൽ അയൽ സംസ്ഥാനങ്ങളിൽ നിന്നും മലബാർ റീജിയണൽ യൂണിയനുകളിൽ നിന്നും പാൽ വാങ്ങി എറണാകുളം, തിരുവനന്തപുരം മേഖലാ യൂണിയനുകൾ പ്രതിസന്ധി മറികടക്കുകയാണ്. പാലുൽപാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്ന മലബാർ റീജിയണൽ യൂണിയൻ ഒരു ലക്ഷം ലിറ്ററിലധികം പാൽപ്പൊടിയാക്കി മാറ്റിക്കൊണ്ട് പ്രതിസന്ധി മറികടക്കുകയാണ്.