കുളച്ചിലിൽ നിന്ന് കിട്ടിയ മൃതദേഹം വിഴിഞ്ഞം സ്വദേശി കിരണിന്റേതെന്ന് സ്ഥിരീകരിച്ചു
തിരുവനന്തപുരം: കുളച്ചിലിൽ നിന്ന് കിട്ടിയ യുവാവിന്റെ മൃതദേഹം വിഴിഞ്ഞം സ്വദേശി കിരണിന്റേതെന്ന് സ്ഥിരീകരിച്ചു. ആഴിമലയിൽ നിന്ന് കാണാതായ കിരണിന്റേതാണ് മൃതദേഹം എന്ന് ഇന്ന് പുറത്ത് വന്ന ഡി എൻ എ പരിശോധന ഫലം വ്യക്തമാക്കുന്നു. ഈ മാസം പത്താം തീയതിയാണ് ആഴിമലയിൽ നിന്ന് കിരണിനെ കാണാതായത്.
മൃതദേഹത്തിന്റെ കയ്യിലെ ചരടും കിരൺ കെട്ടിയിരുന്ന ചരടും തമ്മിൽ സാമ്യമുണ്ടെന്ന് കിരണിന്റെ അച്ഛൻ മധു നേരത്തെ വ്യക്തമാക്കിയിരുന്നു. മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. തിരുവനന്തപുരത്ത് വിഴിഞ്ഞത്തിനടുത്ത് മൊട്ടമൂട് സ്വദേശിയായിരുന്നു കിരൺ.
ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാണാൻ വന്ന കിരണിനെ പെൺകുട്ടിയുടെ ചേച്ചിയുടെ ഭർത്താവായ രാജേഷും മറ്റ് രണ്ട് പേരും ചേർന്ന് മർദ്ദിച്ചിരുന്നു. ഇതിന് ശേഷം തട്ടി കൊണ്ടുപോവുകയായിരുന്നു.