കെഎസ്ആര്‍ടിസിയില്‍ സാമ്പത്തിക പ്രതിസന്ധിയുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രതികരിച്ച് മുഖ്യമന്ത്രി
കെഎസ്ആര്‍ടിസിയില്‍ സാമ്പത്തിക പ്രതിസന്ധിയുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കുന്നതിന് ആവശ്യമായ മാറ്റങ്ങള്‍ വരണം. അതിനായുളള പഠനറിപ്പോര്‍ട്ട് നേരത്തെ തയ്യാറാക്കിയിട്ടുണ്ട്. ആ റിപ്പോര്‍ട്ട് പൂര്‍ണമായി നടപ്പായിക്കഴിഞ്ഞിട്ടില്ല. അത് പൂര്‍ത്തിയാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗതാഗതമന്ത്രിയുടെ നിലപാടിനെ മുഖ്യമന്ത്രി പിന്തുണയ്ക്കുകയും ചെയ്തു.
കെഎസ്ആര്‍ടിസിയുടെ നിലവിലെ യാഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കിവേണം പ്രവര്‍ത്തിക്കാന്‍. അക്കാര്യത്തില്‍ ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞത് വളരെ കൃത്യമാണ്. ഏതെങ്കിലും ഒരു സ്ഥാപനത്തിന് പൂര്‍ണമായും ലോണ്‍ എടുത്ത് ശമ്പളം കൊടുക്കാനാകില്ല. ഏതെങ്കിലും സ്ഥാപനത്തിന്റെ കെടുകാര്യസ്ഥതയ്ക്ക് വേണ്ടിയല്ല, നികുതിപ്പണം ചെലവഴിക്കേണ്ടത്.
പൊതുമേഖലാ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുക എന്നത് കെടുകാര്യസ്ഥതയെ ശക്തിപ്പെടുത്തുക എന്നതല്ല. ആ സമീപനം തന്നെയാണ് സര്‍ക്കാരിനുള്ളത്. പൊതുമേഖലാ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താനുള്ള നടപടികള്‍ അതാത് സ്ഥാപനങ്ങളാണ് നടത്തേണ്ടത് എന്നും പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
കെഎസ്ആര്‍ടിസി വിഷയത്തില്‍ ട്രേഡ് യൂണിയനുകളെ കുറിച്ചും മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കി. ട്രേഡ് യൂണിയനുകള്‍ എന്നും സ്ഥാപനത്തിന്റെ അഭിവൃദ്ധിക്ക് വേണ്ടി നിലകൊള്ളുന്നവരാണ്. അവരതിന് തടസമല്ല. അവരുടെ അഭിപ്രായങ്ങള്‍ കൂടി കേട്ടുകൊണ്ടുവേണം പദ്ധതികള്‍ നടപ്പിലാക്കാന്‍ എന്നും മുഖ്യമന്ത്രി പറഞ്ഞു.