കെ-ടെറ്റ് പരീക്ഷ പാസാകാത്ത അധ്യാപകർക്ക് ഒരു അവസരംകൂടി: ഉത്തരവിൽ മന്ത്രി ഒപ്പുവച്ചു
തിരുവനന്തപുരം: കെ -ടെറ്റ് പരീക്ഷ ഇതുവരെ പാസാകാത്ത അധ്യാപകർക്ക് ഇളവുകളോടെ ഒരു അവസരം കൂടി നൽകും. ഇതിനായുള്ള ഉത്തരവിൽ മന്ത്രി വി.ശിവൻകുട്ടി ഒപ്പുവച്ചു.
2012 ജൂൺ ഒന്നുമുതൽ 2016 ഓഗസ്റ്റ് 30 ലെ ഉത്തരവിന് മുമ്പ് കെ – ടെറ്റ് യോഗ്യത ഇല്ലാതെ നിയമിതരായ സർക്കാർ സ്കൂൾ അധ്യാപകർക്കും 2012 ജൂൺ ഒന്നു മുതൽ 2019 – 20 അധ്യയന വർഷം വരെ എയ്ഡഡ് സ്കൂളുകളിൽ നിയമിതരായവരും കെ – ടെറ്റ് യോഗ്യത നേടാത്തവരുമായ അധ്യാപകർക്കും ഒരു അവസാന അവസരമായി കെ – ടെറ്റ് പാസാകുന്നതിനായി 2023 ജൂൺ മാസം ഒരു പ്രത്യേക പരീക്ഷ നടത്തുന്നതാണ്.
ഈ വിഭാഗം അധ്യാപകർക്ക് പ്രസ്തുത പരീക്ഷാതീയതി വരെ കെ – ടെറ്റ് പാസാകുന്നതിൽ ഇളവ് അനുവദിക്കും. പ്രസ്തുത പരീക്ഷയിലും യോഗ്യത നേടാത്തവരുടെ സർവീസ് ക്രമീകരിക്കുന്നതല്ല.