കെ. സുരേന്ദ്രനെതിരെ കേസ് രജിസ്റ്റർ ചെയ്തു

കാസർകോട് : ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെതിരെ കേസ് രജിസ്റ്റർ ചെയ്തു. മത്സരരംഗത്ത് നിന്ന് പിന്മാറാൻ പണം കിട്ടി എന്ന കെ. സുന്ദരയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മഞ്ചേശ്വരം മണ്ഡലത്തിലെ എൽ.ഡി.എഫ്. സ്ഥാനാർഥി വി.വി. രമേശൻ കാസർകോട് പോലീസിൽ പരാതി നൽകുകയായിരുന്നു.

മഞ്ചേശ്വരത്തെ പ്രാദേശിക ബി.ജെ.പി. പ്രവർത്തകർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മഞ്ചേശ്വരം മണ്ഡലത്തിൽ ബി.എസ്.പി. സ്ഥാനാർഥിയായി മത്സരിക്കുന്നതിന് സമർപ്പിച്ച പത്രിക പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സുരേന്ദ്രൻ പണം നൽകി എന്നായിരുന്നു സുന്ദരയുടെ വെളിപ്പെടുത്തൽ.

സംഭവത്തിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചുകഴിഞ്ഞു.