കേരളത്തിന് അടുത്ത നാലാഴ്ച നിർണായകമാണെന്നും അതീവ ജാഗ്രത വേണമെന്നും ആരോഗ്യ മന്ത്രി

കേരളത്തിന് അടുത്ത നാലാഴ്ച നിർണായകമാണെന്നും അതീവ ജാഗ്രത വേണമെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ്. സ്ഥിതി വിലയിരുത്താൻ ആരോഗ്യ വകുപ്പിന്റെ അടിയന്തര യോഗം ചൊവ്വാഴ്ച രാവിലെ വിളിച്ചിട്ടുണ്ട്. കോവിഡ് കാലത്താണ് മറ്റൊരു ഓണക്കാലം കൂടിയെത്തിയത്. എല്ലാക്കാലത്തും അടച്ചിടാൻ സാധിക്കില്ല. ജീവനും ജീവിതോപാധിയും ഒരുപോലെ സംരക്ഷിക്കാനുള്ള പരിശ്രമത്തിലാണ് സർക്കാർ. അതിനാലാണ് കടകൾക്കും കച്ചവട സ്ഥാപനങ്ങൾക്കുമുള്ള നിയന്ത്രണങ്ങൾ കുറച്ചത്.കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്ന് എല്ലാവർക്കും നിർദേശം നൽകിയിരുന്നു. കുറേ പേർ അത് പാലിക്കുന്നതായി കണ്ടു. എന്നാൽ പലയിടങ്ങളിലും ആൾത്തിരക്കുണ്ടാകുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്. അതീവ വ്യാപനശേഷിയുള്ള ഡെൽറ്റ വൈറസിന്റെ വലിയ ഭീഷണിയിലാണ് പല പ്രദേശങ്ങളും. മാത്രമല്ല മൂന്നാം തരംഗത്തിന്റെ ഭീഷണിയുമുണ്ട്. അതിനാൽ തന്നെ ഓണാവധി കഴിഞ്ഞ് സ്ഥാപനങ്ങളും ഓഫീസുകളും തുറക്കുമ്പോൾ എല്ലാവരും ഒരുപോലെ അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വ്യക്തമാക്കി.