കേരളത്തിലെ കർഷകർ കൂടുതൽ ഉൽപാദിപ്പിക്കുന്ന അരി റേഷൻ കടകളിലൂടെ നൽകാനാവും: മന്ത്രി ജി ആർ അനിൽ

കേരളത്തിലെ കൃഷിക്കാരിൽ നിന്നും സംഭരിക്കുന്ന അരിയും റേഷൻ കടകളിലൂടെ നൽകുന്നുണ്ടെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി ആർ അനിൽ. കർഷകർ എത്രത്തോളം അരി ഉൽപ്പാദിപ്പിക്കുന്നുവോ അത് റേഷൻ കടകളിലിലൂടെ നൽകാൻ കഴിയും-മന്ത്രി പറഞ്ഞു. കൂത്തുപറമ്പ് വലിയവെളിച്ചത്ത് പുതുതായി നിർമ്മിച്ച സപ്ലൈകോ ഗോഡൗൺ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും നൽകാത്ത ആനുകൂല്യങ്ങളാണ് പൊതുവിതരണ സംവിധാനത്തിലൂടെ കേരള സർക്കാർ നൽകുന്നത്.
ഭക്ഷ്യ പൊതുവിതരണ രംഗത്ത് ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യമാണ് സംഭരണ കേന്ദ്രങ്ങളുടെ ദുരിതപൂർണമായ അവസ്ഥ ഒഴിവാക്കൽ. ജനങ്ങൾക്ക് ലഭിക്കേണ്ട ഉൽപ്പന്നങ്ങളിൽ നല്ലൊരു ശതമാനം കേടാകുന്ന സ്ഥിതി വന്നതിനാലാണ് ശാസ്ത്രീയ ഗോഡൗണുകൾ നിർമ്മിക്കുന്നത്. ഇത് ഭക്ഷ്യ ധാന്യങ്ങളുടെ പലവിധത്തിലുള്ള ചോർച്ച പരിഹരിക്കുന്നതിന് സഹായകമായി. പൊതുവിതരണ വകുപ്പ് നിർദ്ദേശിക്കുന്ന രീതിയിൽ ഈ ഗോഡൗണുകളെ പരിപാലിക്കേണ്ടതുണ്ട്. ഗോഡൗണുകളിൽ നിന്നും കേടുപാടുള്ള ഉൽപ്പന്നങ്ങൾ കയറ്റി അയക്കരുതെന്നും മന്ത്രി പറഞ്ഞു.
ചെറിയ ഗോഡൗണുകൾ ഏകീകരിച്ച് വലിയ ഗോഡൗൺ ആക്കി മാറ്റുമ്പോൾ തൊഴിലാളികളെ സംരക്ഷിച്ചുകൊണ്ട് മാത്രമേ സർക്കാർ മുന്നോട്ട് പോകൂ എന്നും അദ്ദേഹം പറഞ്ഞു.
കെ കെ ശൈലജ ടീച്ചർ എം എൽ എ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്‌സൻ യു പി ശോഭ, കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആർ ഷീല, ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി ബാലൻ, വൈസ് പ്രസിഡണ്ട് സിജാ രാജീവൻ, അംഗം സി ചന്ദ്രൻ, സപ്ലൈകോ കോഴിക്കോട് മേഖലാ മാനേജർ എൻ രഘുനാഥ്, ജില്ലാ സപ്ലൈ ഓഫീസർ കെ അജിത് കുമാർ, വിവിധ സാമൂഹിക-രാഷ്ട്രീയ പ്രതിനിധികൾ, മറ്റ് സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.