കേരളത്തിലെ ജനതാദള്‍ എസ് പിളര്‍ന്നു.

കേരളത്തിലെ ജനതാദള്‍ എസ് പിളര്‍ന്നു. മൂന്നുദിവസത്തിനകം പുതിയ സംസ്ഥാന സമിതി രൂപീകരിക്കാന്‍ തിരുവനന്തപുരത്തു ചേര്‍ന്ന വിമതയോഗം തീരുമാനിച്ചു.

മാത്യു ടി തോമസിനേയും കെ.കൃഷ്ണന്‍കുട്ടിയേയും എല്‍ഡിഎഫ് യോഗത്തില്‍ പങ്കെടുപ്പിക്കരുതെന്ന് നേതൃത്വത്തോട് ആവശ്യപ്പെടും. ദേവഗൗഡയെ ദേശീയ അധ്യക്ഷസ്ഥാനത്തുനിന്നും മാറ്റണമെന്നും യോഗം ആവശ്യപ്പെട്ടു.

പങ്കെടുത്തില്ലെങ്കിലും, സി.കെ.നാണുവിന്റെ ചിത്രമുളള ഫ്ളക്സിനു മുന്നില്‍ സെക്രട്ടറി ജനറലായിരുന്ന ജോര്‍ജ് തോമസിന്റെ നേതൃത്വത്തിലായിരുന്നു വിമതയോഗം. സംസ്ഥാന ഘടകം പിരിച്ചുവിട്ട ദേശീയ അധ്യക്ഷന്‍ എച്ച്.ഡി.ദേവഗൗഡയുടെ നടപടി റദ്ദ് ചെയ്യുന്നുവെന്ന പ്രമേയം യോഗം പാസാക്കി.

ദേവഗൗഡ ബിജെപിയുമായി നിരന്തരം ചര്‍ച്ചകള്‍ നടത്തുന്നു. ഇത് പാര്‍ട്ടി നിലപാടിന് വിരുദ്ധമാണ്. ദേശീയ കൗണ്‍സില്‍ വിളിച്ചുചേര്‍ക്കണമെന്ന് ദേശീയ സെക്രട്ടറി ജനറലിനോട് ആവശ്യപ്പെടും. നടപടിക്രമങ്ങള്‍ പാലിക്കാതെയുള്ള ദേശീയ അധ്യക്ഷന്റെ ഉത്തരവ് ഭരണഘടനാപരമായി നിലനില്‍ക്കില്ലെന്ന് ജോര്‍ജ് തോമസ് പറഞ്ഞു.

മാത്യു.ടി.തോമസിനെതിരെ 300 കോടി രൂപയുടെ അഴിമതി ആരോപിച്ച് കെ.കൃഷ്ണന്‍കുട്ടി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഈ വാര്‍ത്ത നല്‍കിയതിനു പിന്നാലെ നടന്ന മാധ്യമപ്രവര്‍ത്തകന്‍ എസ്.വി പ്രദീപിന്റെ അപകടമരണത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നും യോഗം ആവശ്യപ്പെട്ടു.