കേരളത്തില്‍ ഇനി മുതൽ ഒരു രൂപ പോലും മുടക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് സാബു ജേക്കബ്
കേരളത്തില്‍ ഇനി മുതൽ ഒരു രൂപ പോലും മുടക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് കിറ്റക്സ് ഗ്രൂപ്പ് ചെയര്‍മാന്‍ സാബു ജേക്കബ്. സര്‍ക്കാറുമായി ഇനിയും ചര്‍ച്ചക്ക് തയാറാണ്. ഒരു യു.ഡി ക്ലര്‍ക്ക് ചര്‍ച്ചക്ക് വന്നാല്‍ പോലും താന്‍ സംസാരിക്കാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു.
ബിസിനസിനാവശ്യമായ ഭീമമായ തുക തെലങ്കാനയില്‍ നിക്ഷേപിക്കും. ആയിരം കോടിയുടെ നിക്ഷേപമാവും ആദ്യഘട്ടത്തില്‍ നടത്തുക. തെലങ്കാന സര്‍ക്കാറുമായി വൈകാതെ കരാറുണ്ടാക്കും. രണ്ട് വര്‍ഷത്തിനുള്ളില്‍ പദ്ധതി യാഥാര്‍ഥ്യമാക്കും. തെലങ്കാനയില്‍ ജോലി തേടി എത്ര മലയാളികള്‍ വന്നാലും അവര്‍ക്ക് ജോലി നല്‍കുമെന്നും സാബു പറഞ്ഞു.
മുഖ്യമന്ത്രിക്ക് തന്നെ ശാസിക്കാനുള്ള അധികാരമുണ്ട്. രാഷ്ട്രീയത്തെ കുറിച്ച് ഇപ്പോള്‍ പ്രതികരിക്കാനില്ല. അത്തരമൊരു വേദിയില്‍ അതിനെ കുറിച്ച് പ്രതികരിക്കും. കേരളത്തില്‍ 15,000ത്തോളം പേര്‍ക്ക് തൊഴില്‍ നല്‍കാനായതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.