കേരളത്തിൻ്റെ ഓൺലൈൻ ഓട്ടോ ടാക്സി സർവീസായ ‘കേരള സവാരി’ ചിങ്ങം ഒന്നു മുതൽ ആരംഭിക്കും

കേരളത്തിൻ്റെ സ്വന്തം ഓൺലൈൻ ഓട്ടോ ടാക്സി സർവീസായ കേരള സവാരി ചിങ്ങം ഒന്നു മുതൽ ആരംഭിക്കും. ഓലെയ്ക്കും ഊബറിനും ബദലായാണ് ഓൺലൈൻ ഓട്ടോ ടാക്സി സർവീസ് വരുന്നത്. 500 ഡ്രൈവർമാരുടെ പരിശീലനം പൂർത്തിയായിക്കഴിഞ്ഞതായി അധികൃതർ അറിയിച്ചു.

ആദ്യഘട്ടം തിരുവനന്തപുരത്താണ് നടപ്പാക്കുക. സർക്കാർ മേഖലയിലെ ആദ്യ ഓട്ടോ ടാക്സി സംവിധാനമാണ് ഇതോടെ യാഥാർത്ഥ്യമാകുന്നത്.

ഊബർ, ഓല മാതൃകയിൽ കേരള സവാരി എന്ന പേരിൽ ഓൺലെൻ ഓട്ടോ, ടാക്സി സേവനം തുടങ്ങുന്നത് സംബന്ധിച്ച് കേരള മോട്ടോർ ട്രാൻസ്പോർട്ട് വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡാണ് സർക്കാറിന് നിർദേശം സമർപ്പിച്ചത്. പരീക്ഷണാടിസ്ഥാനത്തിൽ കഴിഞ്ഞ നവംബർ ഒന്നിന് തിരുവനന്തപുരത്ത് പദ്ധതിക്ക് തുടക്കമാകുമെന്ന് പ്രഖ്യാപിച്ചെങ്കിലും പലവിധ കാരണങ്ങളാൽ നീണ്ടുപോവുകയായിരുന്നു.

24 മണിക്കൂറും പ്രവർത്തിക്കുന്ന കാൾ സെന്‍ററാണ് പദ്ധതിയുടെ പ്രധാന പ്രത്യേകത. സോഫ്റ്റ്‍വെയർ, ജി.പി.എസ് ഏകോപനം, കാൾ സെന്‍റർ എന്നിവ സജ്ജമായിക്കൊണ്ടിരിക്കുകയാണ്. പൊതുജനങ്ങൾക്ക് ഓട്ടോ ടാക്സി ബുക്ക് ചെയ്യുന്നതിന് മൊബൈൽ ആപ്പും ലഭ്യമാക്കും.