കേരളത്തിൽ ഏഴ് പേർക്ക് ബ്ലാക്ക് ഫംഗസ് കണ്ടെത്തി
തിരുവനന്തപുരം: കേരളത്തിൽ ഏഴ് പേർക്ക് ബ്ലാക്ക് ഫംഗസ് കണ്ടെത്തി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളവരിലാണ് ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചത്. മൂന്ന് തമിഴ്നാട് സ്വദേശികളടക്കം ഏഴ് പേരിലാണ് ഫംഗസിന്റെ സാന്നിധ്യം കണ്ടെത്തിയത്.
നിലവിൽ കേരളത്തിൽ ‘മ്യൂക്കോമൈകോസിസ്’ അഥവാ ബ്ലാക്ക് ഫംഗസ് ബാധ സംബന്ധിച്ച് ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
കോവിഡ് ബാധിതരിൽ ബ്ലാക്ക് ഫംഗസ് വലിയതോതിൽ കാണപ്പെടുന്നതായി എയിംസ് മേധാവി ഡോ. രൺദീപ് ഗുലേറിയ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
എന്താണ് ഈ ബ്ലാക്ക് ഫംഗസ്?
വായുവിലും മണ്ണിലും ചിലപ്പോള്‍ ഭക്ഷണത്തിലും ഇത് കാണപ്പെടുന്നു. എന്നാല്‍ ഇത് മാരകമായ ഒന്നല്ലെന്നും മാസ്‌ക് ധരിക്കേണ്ടത് പ്രധാനമാണെന്നും ഗുലേറിയ പറഞ്ഞു.
ഡൽഹി എയിംസില്‍ മാത്രം തന്നെ 23 പേര്‍ക്ക് ഈ പൂപ്പല്‍ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ 20 പേരും കൊവിഡ് ബാധിതരാണെന്നും അദ്ദേഹം വ്യക്തമാക്കി. ചില സംസ്ഥാനങ്ങളില്‍ 400 മുതല്‍ 500 വരെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡിന് മുമ്ബും മ്യൂക്കോര്‍മൈക്കോസിസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
2003ല്‍ സാര്‍സ് വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ട സമയത്തും ഇത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കൊവിഡ് ബാധിച്ചവരില്‍, പ്രമേഹമുള്ളവരില്‍, രോഗപ്രതിരോധശേഷി കുറഞ്ഞവരില്‍ എന്നിവരില്‍ ഈ ഫംഗസ് ബാധ പിടിപെടാനുള്ള സാധ്യത കൂടുതലാണെന്നും ഗുലേറിയ പറഞ്ഞു.
മ്യൂക്കോര്‍മൈക്കോസിസ് എന്ന പൂപ്പല്‍ ബാധയെ അവഗണിക്കരുതെന്നും അതീവ ജാഗ്രതപുലര്‍ത്തണമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. നെറ്റി, മൂക്ക്, കവിള്‍, കണ്ണുകള്‍, പല്ല് എന്നിവിടങ്ങളില്‍ ചര്‍മ രോഗം പോലെയാണ് പൂപ്പല്‍ബാധ ആദ്യം പ്രത്യക്ഷപ്പെടുക.
പിന്നീടത് കണ്ണുകളിലേക്കും തലച്ചോറ്, ശ്വാസകോശം എന്നിവിടങ്ങളിലേക്കും പടരും. മൂക്കിന് ചുറ്റും നിറവ്യത്യാസം സംഭവിക്കുകയോ കാഴ്ച മങ്ങുകയോ ചെയ്യും. നെഞ്ചുവേദന, ശ്വാസതടസം, ചുമച്ച് ചോരതുപ്പല്‍ എന്നിവയും ബ്ലാക്ക് ഫംഗസ് രോഗലക്ഷണമാണ്.