കേളകത്ത് പുഴയിലേക്ക് മലിനജലം ഒഴിക്കിയതിന് ഹോട്ടലിനെതിരെ ആരോഗ്യവകുപ്പിൻ്റെ നടപടി.

കേളകത്ത് ബാവലി പുഴയിലേക്ക് മലിനജലം ഒഴിക്കിയതിന് ഹോട്ടലിനെതിരെ ആരോഗ്യവകുപ്പിൻ്റെ നടപടി. ചുങ്കക്കുന്ന് റോഡിൽ പ്രവർത്തിക്കുന്ന ഹോട്ടലിനെതിരെയാണ് ആരോഗ്യവകുപ്പ് 10,000 രൂപ പിഴ ചുമത്തിയത്.

കേളകം – ചുങ്കക്കുന്ന് റോഡിൽ പ്രവർത്തിക്കുന്ന കക്കാടൻസ് ഹോട്ടലിനെതിരെയാണ് ആരോഗ്യവകുപ്പിൻ്റെ നടപടി സ്വീകരിച്ചത്.
പുഴയിലേക്ക് മലിനജലം ഒഴുക്കുന്നുവെന്ന പരിസരവാസികളുടെ പരാതിയെത്തുടർന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പരിശോധന നടത്തിയത്.

പരിശോധനയിൽ വെയിസ്റ്റ് ടാങ്കിൽ നിന്നും മോട്ടോർ ഉപയോഗിച്ച് പുഴയിലേക്ക് മലിനജലം പമ്പ് ചെയ്യുന്നതായി ആരോഗ്യവകുപ്പ് അധികൃതർ കണ്ടെത്തി. നിലവിലുള്ള ടാങ്കിൽ മലിനജലം നിറയുമ്പോഴാണ് പുഴയിലേക്ക് പമ്പ് ചെയ്യുന്നത്. മലിനജലം പുഴയിലേക്കൊഴുക്കുന്നതിന് പുറമേ ഹോട്ടലിന്റെ ലൈസൻസ് പുതുക്കാത്തതായും കണ്ടെത്തി. പതിനായിരം രൂപയാണ് ആരോഗ്യ വകുപ്പ് പിഴചുമത്തിയത്.

കൂടാതെ മലിനജലം പുഴയിലേക്ക് ഒഴുക്കുന്നതിന് പരിഹാരമാർഗം കണ്ടെത്തുന്നതുവരെ ഹോട്ടൽ അടച്ചിടാനും ഉദ്യോഗസ്ഥർ നിർദേശം നൽകി. ഹെൽത്ത്‌ ഇൻസ്‌പെക്ടർ പി.ജി രാജീവ്‌, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ പി പ്രതാപചന്ദ്രൻ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ജോഷ്വാ മലയിൽ, സീനിയർ ക്ലർക്ക് കെ ഷാജൻ എന്നിവരാണ് പരിശോധന നടത്തിയത്.