കൊവിഡ് ടെസ്റ്റുകള്‍ പ്രോല്‍സാഹിപ്പിക്കാന്‍ വാക്സിന്‍ ബോണസ്

ടെസ്റ്റില്‍ ഒന്നാമതെത്തുന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 750 ഡോസ് അധികം നല്‍കും

കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തില്‍ രോഗ പ്രതിരോധം ശക്തമാക്കുന്നതിനായി ജില്ലയില്‍ വാക്സിന്‍ ബോണസ് പദ്ധതി. ഏറ്റവും കൂടുതല്‍ ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ നടത്തുന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ബോണസായി വാക്സിന്‍ ഡോസുകള്‍ നല്‍കാനാണ് തീരുമാനം. ഒരാഴ്ചയ്ക്കിടയില്‍ ഏറ്റവും കൂടുതല്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തുന്ന ഒരു പഞ്ചായത്തിനും ഒരു നഗരസഭയ്ക്കും 750 വീതം വാക്സിന്‍ ഡോസുകള്‍ അധികമായി നല്‍കുമെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്ന പഞ്ചായത്തുകള്‍ക്ക് യഥാക്രമം 300, 200 ഡോസുകളും നല്‍കും. കോര്‍പറേഷന്‍ ഉള്‍പ്പെടെയുള്ള നഗരസഭകളില്‍ ഒന്നാം സ്ഥാനക്കാര്‍ക്കു മാത്രമായിരിക്കും വാക്സിന്‍ ബോണസ്.
ഓരോ തദ്ദേശ സ്ഥാപനത്തിനും ജില്ലയിലെ ആരോഗ്യ വകുപ്പ് ജനസംഖ്യാനുപാതികമായി നിര്‍ണയിച്ച് നല്‍കുന്ന ടെസ്റ്റ് ലക്ഷ്യത്തില്‍ ഏറ്റവും കൂടുതല്‍ ശതമാനം പരിശോധനകള്‍ നടത്തുന്ന ഒരു പഞ്ചായത്തിനും ഒരു നഗരസഭയ്ക്കുമാണ് വാക്സിന്‍ ബോണസ് നല്‍കുക. ഓരോ ആഴ്ചത്തെയും ടെസ്റ്റ് നിരക്ക് പരിശോധിച്ച് വിജയികളെ പ്രഖ്യാപിക്കുകയും ആ ആഴ്ച ജനസംഖ്യാനുപാതിക വാക്സിന്‍ ക്വാട്ടയ്ക്കു പുറമെ ബോണസ് ഡോസുകള്‍ കൂടി ലഭ്യമാക്കുകയുമാണ് ചെയ്യുക.
കൊവിഡ് ബാധിതനായ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് രോഗം പകരുന്നത് പരമാവധി തടയുകയെന്ന ലക്ഷ്യത്തോടെയാണ് ആര്‍ടിപിസിആര്‍ പരിശോധന പ്രോല്‍സാഹിപ്പിക്കുന്നതെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

രോഗലക്ഷണം പ്രകടമാവുന്നതു വരെ ടെസ്റ്റ് വൈകിപ്പിക്കുകയോ ലക്ഷണങ്ങളുടെ അഭാവത്തില്‍ ടെസ്റ്റ് നടത്താതിരിക്കുകയോ ചെയ്യുന്നത് വലിയ തോതിലുള്ള രോഗവ്യാപനത്തിന് കാരണമാവും. അതുകൊണ്ടുതന്നെ എത്രയും വേഗം ടെസ്റ്റ് നടത്തി വൈറസ് ബാധ ഉണ്ടോ ഇല്ലയോ എന്ന കാര്യം തിരിച്ചറിയുകയാണ് രോഗവ്യാപനം തടയാനുള്ള ഏറ്റവും ഉചിതമായ മാര്‍ഗം. തദ്ദേശസ്ഥാപന തലത്തില്‍ ടെസ്റ്റിന്റെ കാര്യത്തില്‍ ആരോഗ്യകരമായ മല്‍സരം നിലനില്‍ക്കണമെന്നും വാക്സിന്‍ ബോണസ് അതിന് സഹായകമാവുമെന്നാണ് പ്രതീക്ഷയെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
കൊവിഡ് പോസിറ്റീവാകുന്ന ഓരോ വ്യക്തിയുടെയും സമ്പര്‍ക്കപ്പട്ടികയില്‍പ്പെട്ട 10 പേരെയെങ്കിലും മുന്‍ഗണനാ ക്രമത്തില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റിന് വിധേയരാക്കണം. അതിലൂടെ വീട്ടിലെ മറ്റുള്ളവര്‍ക്കും അയല്‍വാസികള്‍ക്കും തൊഴിലിടങ്ങളിലുള്ളവര്‍ക്കും രോഗബാധയുണ്ടാകുന്നത് പരമാവധി തടയാനാവും. വ്യാപാരികള്‍, ഡ്രൈവര്‍മാര്‍, മാര്‍ക്കറ്റ് ജീവനക്കാര്‍ തുടങ്ങിയവരിലെ വാക്സിന്‍ എടുക്കാത്തവരെയും ടെസ്റ്റിന് പ്രേരിപ്പിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

ഓണത്തിരക്കിനിടയിലും കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ കൃത്യമായി പാലിക്കാനും അതുവഴി കൊവിഡ് വ്യാപനം പരമാവധി തടയാനും ജില്ലയിലെ മുഴുവന്‍ ആളുകളും മുന്നിട്ടിറങ്ങണം. പ്രായമായവര്‍, കുട്ടികള്‍, വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍ തുടങ്ങിയവര്‍ അനിവാര്യ ഘട്ടങ്ങളില്‍ മാത്രമേ വീടുകളില്‍ നിന്ന് പുറത്തറങ്ങാവൂ. മാര്‍ക്കറ്റുകളിലും ടൂറിസം കേന്ദ്രങ്ങളിലും ആളുകള്‍ കൂടിനില്‍ക്കുന്ന സാഹചര്യമുണ്ടാവരുത്. ജനങ്ങള്‍ നിയന്ത്രണങ്ങളില്ലാതെ പുറത്തിറങ്ങി രോഗവ്യാപനം രൂക്ഷമാവുന്ന സാഹചര്യമുണ്ടായാല്‍ അത് കൂടുതല്‍ നിയന്ത്രണങ്ങളിലേക്കായിരിക്കും നയിക്കുക. അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ എല്ലാവരും ജാഗ്രത മുറുകെ പിടിക്കണമെന്നും അദ്ദേഹം അറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, ഡെപ്യൂട്ടി ഡിഎംഒ ഡോ. എം പ്രീത, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.