കൊവിഡ് പ്രതിരോധം; കണ്ണൂര്‍ കോര്‍പ്പറേഷന് 25 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ കൂടി ലഭിച്ചു

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകാന്‍ കണ്ണൂര്‍ കോര്‍പ്പറേഷന് 25 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ കൂടി ലഭിച്ചു . ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്ലൂ പ്ലാനറ്റ് എന്‍വയോണ്‍മെന്റ് സൊലൂഷന്‍സ് ആണ് കോര്‍പ്പറേഷന് 25 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ കൈമാറിയത്.

10 ലിറ്റര്‍ കപ്പാസിറ്റി ഉള്ളതാണ് ലഭിച്ച കോണ്‍സെന്‍ട്രേറ്ററുകള്‍. ഇതോടെ കണ്ണൂര്‍ കോര്‍പ്പറേഷന്റെ കൈവശം സ്വന്തമായി 36 കോണ്‍സെന്‍ട്രേറ്ററുകളായി.
കൗണ്‍സില്‍ ഹാളില്‍ ബ്ലൂ പ്ലാനറ്റ് എന്‍വയോണ്‍മെന്റ് സൊലൂഷന്‍സ് പ്രതിനിധി വിനോദ് തോമസ് മേയര്‍ അഡ്വ. ടി ഒ മോഹനന് കോണ്‍സെന്‍ട്രേറ്ററുകള്‍ കൈമാറി.

ഡെപ്യൂട്ടി മേയര്‍ കെ ശബീന, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ മാര്‍ട്ടിന്‍ ജോര്‍ജ്, സുരേഷ് ബാബു എളയാവൂര്‍, ഷമീമ ടീച്ചര്‍, കൗണ്‍സിലര്‍മാരായ കെ പി അബ്ദുല്‍ റസാഖ്, ടി രവീന്ദ്രന്‍, കൂക്കിരി രാജേഷ്, കെ പി ജയസൂര്യന്‍, കെ സുരേഷ്, കോര്‍പ്പറേഷന്‍ സെക്രട്ടറി ഡി സാജു എന്നിവര്‍ പങ്കെടുത്തു.