കൊവിഡ് പ്രതിരോധം കരുതലോടെ; ആയുര്‍വേദ വകുപ്പ്

കൊവിഡിന്റെ രണ്ടാം വരവിനെ നേരിടാന്‍ ജില്ലാ ആയുര്‍വേദ വിഭാഗം സജ്ജം. കൈകഴുകല്‍, മാസ്‌ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍ എന്നിവക്കൊപ്പം സ്വാസ്ഥ്യം, സുഖായുഷ്യം, അമൃതം, ഭേഷജം, പുനര്‍ജ്ജനി തുടങ്ങിയ പദ്ധതികളുമായാണ് ജനങ്ങള്‍ക്കൊപ്പം കൊവിഡ് പ്രതിരോധത്തില്‍ ആയുര്‍വേദ വിഭാഗം ഇടപെടുന്നത്. പ്രതിരോധ മരുന്നുകള്‍, നല്ല ഭക്ഷണ ശീലങ്ങള്‍, യോഗ, പ്രാണായാമം, കൊവിഡ് ബാധിച്ചവര്‍ക്കുള്ള മരുന്നുകള്‍, കൊവിഡ് ബാധിതര്‍ക്ക് പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുക്കാനുള്ള ചികിത്സ തുടങ്ങിയവ ക്യാമ്പയിനിങ്ങിലൂടെ വീണ്ടും ജനങ്ങളുടെ ഓര്‍മയിലേക്കും ശീലങ്ങളിലേക്കും എത്തിക്കാനാണ് തീരുമാനം.


60 വയസ്സിനു താഴെ പ്രായമുള്ളവര്‍ക്ക് രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് സ്വാസ്ഥ്യം. 60 വയസ്സിനു മുകളില്‍ പ്രായമായവര്‍ക്കാണ് സുഖായൂഷ്യം. ക്വാറന്റൈയിനില്‍ ഇരിക്കുന്നവര്‍ക്ക് രോഗം വരാതെ നോക്കാനുള്ള പദ്ധതിയാണ് അമൃതം. കൊവിഡ് പോസിറ്റീവായ കാറ്റഗറി എ വിഭാഗത്തിലുള്ളവര്‍ക്ക് നല്‍കുന്ന ചികിത്സയാണ് ഭേഷജം. കൊവിഡ് നെഗറ്റീവ് ആയവര്‍ക്കും ക്ഷീണം, ചുമ, ഉറക്കക്കുറവ്, കിതപ്പ് തുടങ്ങിയ പല ബുദ്ധിമുട്ടുകളും കാണപ്പെടുന്നുണ്ട്. അങ്ങനെയുള്ളവര്‍ക്ക് ആരോഗ്യം വീണ്ടെടുക്കാനാണ് പുനര്‍ജ്ജനി പദ്ധതി.


ജില്ലയില്‍ ഇതുവരെ 22560 പേര്‍ സ്വാസ്ഥ്യവും, 14074 പേര്‍ സുഖായുഷ്യവും 14394 പേര്‍ അമൃതവും 1831 പേര്‍ പുനര്‍ജ്ജനിയും 349 പേര്‍ ഭേഷജവും പ്രയോജനപ്പെടുത്തി. തദ്ദേശ സ്ഥാപനങ്ങളിലുള്ള ആയര്‍വേദ ഡിസ്‌പെന്‍സറികള്‍, ആശുപത്രികള്‍ എന്നിവ വഴിയാണ് സേവനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നത്. ഇതിനായി ജനപ്രതിനിധികള്‍, ആശാ – കുടുംബശ്രീ – അങ്കണവാടി പ്രവര്‍ത്തകരെ കൂട്ടിയോജിപ്പിച്ചു കൊണ്ടുള്ള ഒരു ആയുര്‍രക്ഷാ ടാസ്‌ക് ഫോഴ്‌സ് വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്നു.