കോര്‍പറേഷന്‍ പരിധിയിലെ ആദ്യ ജനകീയ ഹോട്ടല്‍ തുറന്നു

കൊവിഡ് കാലത്ത് ബുദ്ധിമുട്ടുന്ന സാധരണക്കാര്‍ക്ക് ആശ്വാസം പകര്‍ന്ന് കോര്‍പറേഷന്റെ ജനകീയ ഹോട്ടല്‍ പ്രവര്‍ത്തനം തുടങ്ങി. പള്ളിപൊയില്‍ ഡിവിഷനില്‍ കാപ്പാട് സി പി സ്റ്റോറിന് സമീപത്ത് ആരംഭിച്ച ജനകീയ ഹോട്ടലിൻ്റെ ഉദ്ഘാടനം മേയര്‍ അഡ്വ. ടി ഒ മോഹനന്‍ നിര്‍വഹിച്ചു.

കോര്‍പറേഷന്‍ പരിധിയില്‍ തുടങ്ങുന്ന രണ്ടാമത്തെ ജനകീയ ഹോട്ടല്‍ മരക്കാര്‍ക്കണ്ടിയിലും മൂന്നാമത്തെ ഹോട്ടല്‍ സെന്‍ട്രല്‍ മാര്‍ക്കറ്റിലും തുടങ്ങുമെന്ന് മേയര്‍ പറഞ്ഞു. ആവശ്യമായ സൗകര്യം ലഭ്യമായാല്‍ കൂടുതല്‍ ജനകീയ ഹോട്ടല്‍ തുടങ്ങുമെന്നും മേയര്‍ അറിയിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ വിശപ്പ് രഹിത പദ്ധതിയുടെ ഭാഗമായാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ കുടുംബശ്രീയുമായി സഹകരിച്ച് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്. 20 രൂപ നിരക്കിലാണ് ഉച്ചയൂണ്‍ നല്‍കുന്നത്. പാഴ്‌സലിന് അഞ്ചു രൂപ അധികമായി നല്‍കണം.
കോർപറേഷൻ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ഷമീമ ടീച്ചര്‍ അധ്യക്ഷയായി.

ഡെപ്യൂട്ടി മേയര്‍ കെ ഷബീന ടീച്ചര്‍ ആദ്യത്തെ ഭക്ഷണ വിതരണം ഉദ്ഘാടനം ചെയ്തു. കൗണ്‍സലര്‍മാരായ മിനി അനില്‍കുമാര്‍, വി കെ ശ്രീലത, ബീബി, എഡിഎംസി എ വി പ്രദീപ് കുമാര്‍, സിഡിഎസ് മെമ്പര്‍ സെക്രട്ടറി പി രാജഗോപാല്‍, ശ്രീഷ്മ, മുന്‍ കോര്‍പറേഷന്‍ കൗണ്‍സലര്‍മാരായ കെ പ്രകാശന്‍ മാസ്റ്റര്‍, എ കെ ധനേഷ് ബാബു തുടങ്ങിയവര്‍ സംബന്ധിച്ചു.