കോഴിയിറച്ചി ബഹിഷ്‌കരിക്കാൻ ഒരുങ്ങി ഹോട്ടലുകൾ
കൊച്ചി: ബ്രോയിലര്‍ കോഴിയിറച്ചി വില കുതിച്ചുയരുന്നു. രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ കൂടിയത് ഇരട്ടിയോളം. വിലതാങ്ങാന്‍ കഴിയാതെ കോഴിയിറച്ചി ബഹിഷ്‌കരിക്കാനുള്ള ആലോചനയില്‍ ഹോട്ടലുടമകള്‍.
കിലോയ്‌ക്ക് 80 -90 രൂപയായിരുന്ന കോഴിയിറച്ചിക്കു നിലവില്‍ 140-160 രൂപയാണ്. ചിക്കന്‍ മീറ്റിനു വില കിലോയ്‌ക്ക് 200 രൂപയിലെത്തി. ലഭ്യതക്കുറവു ചൂണ്ടിക്കാട്ടിയാണു വിലകൂട്ടുന്നത്. ഇതര സംസ്‌ഥാന ചിക്കന്‍ ലോബിയാണ് സംസ്‌ഥാനത്ത് കോഴിയിറച്ചി ലഭ്യത കുറയ്‌ക്കുന്നതിനു പിന്നില്‍. കേരളത്തില്‍ വില്‍ക്കുന്ന 80% ഇറച്ചിക്കോഴികളുടെയും വരവ് തമിഴ്‌നാട്ടില്‍നിന്നാണ്.
ലോക്ക്‌ഡൗണിനെത്തുടര്‍ന്ന് ഹോട്ടലുകളില്‍ ചെലവു കുറഞ്ഞതോടെ ചിക്കന് ഡിമാന്‍ഡ് കുറഞ്ഞിരുന്നു.
സര്‍ക്കാര്‍ ഇടപെട്ട് കോഴിയിറച്ചിയുടെ വില കുറയ്ക്കണമെന്ന് കേരളാ ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഈ നിലയ്‌ക്കാണ് പോകുന്നതെങ്കില്‍ ഹോട്ടലുകളില്‍ ചിക്കന്‍ വിഭവങ്ങള്‍ ബഹിഷ്‌കരിക്കേണ്ടിവരുമെന്നും സംഘടന അറിയിച്ചു.ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകി.
കോവിഡിന്റെ പശ്‌ചാത്തലത്തില്‍ പാഴ്‌സല്‍, ഓണ്‍ലൈന്‍ മാര്‍ഗങ്ങളിലാണ് ഹോട്ടലുകളില്‍ കച്ചവടം. പാഴ്‌സലില്‍ ഏറിയ പങ്കും ചിക്കന്‍ വിഭവങ്ങളുമാണ്. തദ്ദേശ കോഴി ഫാമുകളില്‍നിന്നു വിപണിയില്‍ ചിക്കന്‍ എത്തിക്കണമെന്നാണു സംഘടനയുടെ ആവശ്യം.