കോവിഡ്​ മരണം സംബന്ധിച്ച പരാതികള്‍ ഉണ്ടെങ്കില്‍ പരിഹരിക്കുമെന്ന്​ ആരോഗ്യമന്ത്രി വീണ ജോര്‍ജ്​.

തിരുവനന്തപുരം: കോവിഡ്​ മരണം സംബന്ധിച്ച പരാതികള്‍ ഉണ്ടെങ്കില്‍ പരിഹരിക്കുമെന്ന്​ ആരോഗ്യമന്ത്രി വീണ ജോര്‍ജ്​. സർക്കാരിന് ഒന്നും മറച്ചു വയ്ക്കാനില്ല. ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ല. പരാതികള്‍ രേഖാമൂലം അറിയിക്കണമെന്നും ആരോഗ്യമ​ന്ത്രി ആവശ്യപ്പെട്ടു. കേരളത്തില്‍ കോവിഡ്​ മരണം റിപ്പോര്‍ട്ട്​ ചെയ്​തതില്‍ പിഴവുകളുണ്ടായിട്ടുണ്ടെന്ന ആരോപണങ്ങള്‍ക്ക്​ പിന്നാലെയാണ് ഇക്കാര്യത്തില്‍​ ആരോഗ്യമന്ത്രി വീണ്ടും വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്​.

കോവിഡ് മരണം സംബന്ധിച്ച​ കണക്ക്​ മനപ്പൂര്‍വം മറച്ചുവെച്ചിട്ടില്ല. ​കോവിഡ്​ മരണം അങ്ങനെയല്ലാതെ രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ പരിശോധിക്കും. മെഡിക്കല്‍ കോളജിലേയും ജില്ലകളിലേയും മരണക്കണക്കില്‍ വ്യത്യാസമുണ്ടെങ്കില്‍ അതും പരിശോധിക്കുമെന്നും അവര്‍ പറഞ്ഞു.

കോവിഡ്​ മരണം ആശുപത്രിയില്‍ നിന്ന്​ നേരിട്ട്​ റിപ്പോര്‍ട്ട്​ ചെയ്യുകയാണ്​ ഇപ്പോള്‍ ചെയ്യുന്നത്​.

ജനങ്ങള്‍ക്ക്​ പരമാവധി സഹായം ഉറപ്പാക്കാനാണ്​ സര്‍ക്കാര്‍ ശ്രമം. മരണസര്‍ട്ടിഫിക്കറ്റിനായി ഓഫീസുകള്‍ കയറിയിറങ്ങേണ്ട സാഹചര്യമുണ്ടാവില്ല. ജനങ്ങൾക്ക്​ സഹായം കിട്ടുന്ന നിലപാട്​ സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.