കോവിഡ് ഭീതിയെ തുടര്‍ന്ന് ദമ്പതികൾ ആത്മഹത്യ ചെയ്തു

മംഗളൂരു: കോവിഡ് ഭീതിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത് ദമ്പതികൾ. പോലീസ് കമ്മിഷണര്‍ക്ക് ആത്മഹത്യാ ശബ്ദ സന്ദേശം അയച്ചതിന് ശേഷമാണ് തൂങ്ങിമരിച്ചത്. സൂറത്ത്കല്‍ ബൈക്കംപടി ചിത്രാപുര രഹേജ അപ്പാര്‍ട്ട്മെന്റിലെ താമസക്കാരായ രമേഷ്‌കുമാര്‍ (40), ഭാര്യ ഗുണ ആര്‍ സുവര്‍ണ (35) എന്നിവരെയാണ് ചൊവ്വാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

പരിശോധനയില്‍ ഇരുവരും കോവിഡ് ബാധിതരല്ലെന്ന് വ്യക്തമായി. ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുന്‍പാണ് മംഗളൂരു സിറ്റി പോലീസ് കമ്മിഷണര്‍ക്ക് വാട്‌സാപ്പ്‌ വഴി ശബ്ദസന്ദേശമയച്ചത്. തനിക്കും ഭാര്യക്കും ഒരാഴ്ചയായി കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടെന്നും ഒരുമിച്ചു മരിക്കാന്‍ തീരുമാനിച്ചെന്നും ശബ്ദ സന്ദേശത്തില്‍ പറയുന്നു.ഭാര്യക്ക് പ്രമേഹമുള്ളതിനാല്‍ ബ്ലാക്ക് ഫംഗസ് ബാധിക്കുമെന്നും മരണം സംഭവിക്കുമെന്നും ഭയന്നിരുന്നു. ചികിത്സയ്ക്ക് വേണ്ടി ആശുപത്രിയില്‍ പോയാല്‍ മരിക്കുന്ന സമയത്ത് പരസ്പരം കാണാന്‍ കഴിയില്ല എന്നതിനാല്‍ വീട്ടില്‍ത്തന്നെ ഒരുമിച്ചു മരിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ശബ്ദസന്ദേശത്തില്‍ പറയുന്നു.

ഭാര്യ നേരത്തേ ജീവനൊടുക്കിയതായും താനും മരിക്കുകയാണെന്നും ശബ്ദ സന്ദേശത്തില്‍ രമേശ് പറയുന്നു. വിവാഹിതരായിട്ട് വര്‍ഷങ്ങളായിട്ടും കുട്ടികളില്ലാത്ത ദുഃഖവും പങ്കുവെച്ചിരുന്നു. ഇരുവരും ഉറക്കഗുളിക കഴിച്ചശേഷം ആദ്യം ഗുണയും പിന്നാലെ രമേഷും ഹാളില്‍ തൂങ്ങിമരിക്കുകയായിരുന്നു. ശബ്ദസന്ദേശം കേട്ടയുടന്‍ കമ്മിഷണര്‍ തിരിച്ചുവിളിച്ചു. എന്നാല്‍ ഫോണെടുത്തില്ല. തുടര്‍ന്ന് രമേഷിനെ ആത്മഹത്യയില്‍നിന്ന് പിന്തിരിപ്പിക്കാന്‍ വാട്‌സാപ്പ് സന്ദേശം തിരിച്ചയച്ച കമ്മിഷണര്‍ ഫോൺ നമ്പർ ലൊക്കേഷന്‍ തിരിച്ചറിഞ്ഞ് സൂറത്കല്‍ പോലീസുമായി ബന്ധപ്പെട്ടു.

ഇരുവരേയും രക്ഷിക്കാനായി ഇവരുടെ താമസസ്ഥലവും മറ്റ് വിവരങ്ങളും സാമൂഹികമാധ്യമങ്ങളില്‍ നല്‍കിയ കമ്മിഷണര്‍ ആത്മഹത്യ തടയാന്‍ അഭ്യര്‍ഥിച്ചിരുന്നു. അപ്പാര്‍ട്ട്‌മെന്റിലെത്തിയ പോലീസും നാട്ടുകാരും വാതില്‍ പൊളിച്ച്‌ അകത്തുകടന്നെങ്കിലും മരണം സംഭവിച്ചിരുന്നു. ആത്മഹത്യാക്കുറിപ്പിനൊപ്പം അന്ത്യകര്‍മങ്ങള്‍ നടത്താനായി കരുതിവെച്ച ഒരുലക്ഷം രൂപയും പോലീസ് കണ്ടെത്തി