കോവിഡ് :രാത്രി കര്‍ഫ്യൂവും വാരാന്ത്യ ലോക്ഡൗണും പ്രഖ്യാപിച്ച് മഹാരാഷ്ട്ര

മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സംസ്ഥാന സർക്കാർ. രാത്രി കർഫ്യൂവും വാരാന്ത്യ ലോക്ഡൗണും അടക്കമുള്ളവയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. വെള്ളിയാഴ്ച രാത്രി എട്ട് മുതൽ തിങ്കളാഴ്ച രാവിലെ ഏഴ് വരെയാണ് വാരാന്ത്യ ലോക്ക്ഡൗൺ. നിയന്ത്രണങ്ങൾ തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും.

മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള തീരുമാനം.

എല്ലാ ദിവസവും രാത്രി എട്ട് മുതൽ രാവിലെ ഏഴു വരെയാണ് രാത്രി കർഫ്യൂ. പകൽ സമയത്ത് അഞ്ചിലധികം പേർ കൂട്ടംകൂടാൻ അനുവദിക്കില്ല. മാളുകളും ഭക്ഷണശാലകളും ബാറുകളും തുറക്കാൻ അനുവദിക്കില്ല. അവശ്യ വസ്തുക്കൾ വീടുകളിൽ എത്തിച്ചു നൽകാൻ അനുവദിക്കും. വ്യാവസായിക പ്രവർത്തനങ്ങളും നിർമാണ പ്രവർത്തനങ്ങളും അനുവദിക്കും. പച്ചക്കറി ചന്തകളിൽ ജനക്കൂട്ടം നിയന്ത്രിക്കും.

ആൾക്കൂട്ടം ഉണ്ടാകാത്ത തരത്തിൽ സിനിമാ ഷൂട്ടിങ് അനുവദിക്കും. തീയേറ്ററുകൾ തുറക്കില്ല. വാരാന്ത്യങ്ങളിൽ അവശ്യ സർവീസുകൾ ഒഴികെയുള്ളവയൊന്നും അനുവദിക്കില്ല. പൊതുഗതാഗതത്തിന് പുതിയ നിയന്ത്രണങ്ങൾ ഒന്നും പ്രഖ്യാപിച്ചിട്ടില്ല. 50 ശതമാനം ആളെക്കയറ്റുന്ന തരത്തിൽ പൊതുഗതാഗതം അനുവദിക്കും.