കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന കേരളത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ആവശ്യമില്ലെന്ന് വിദഗ്ധര്‍.

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന കേരളത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ആവശ്യമില്ലെന്ന് വിദഗ്ധര്‍.രാത്രി കര്‍ഫ്യൂ ഒഴിവാക്കാമെന്ന് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ആരോഗ്യവിദഗ്ധര്‍ അടങ്ങുന്ന യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു. പ്രൈമറിസ്‌കൂളുകള്‍ തുറക്കാം. ആള്‍ക്കൂട്ടം നിയന്ത്രിക്കാനുള്ള ക്രമീകരണം ഉറപ്പാക്കി പരമാവധി മേഖലകള്‍ തുറക്കാമെന്നും വിദഗ്ധര്‍ നിര്‍ദേശിച്ചു.

കോവിഡ് വ്യാപനം കുറയ്ക്കാന്‍ ലക്ഷ്യമിട്ട് നടപ്പാക്കിയ രാത്രി കര്‍ഫ്യൂ യുക്തിസഹമല്ലെന്ന വിമര്‍ശനം നേരത്തെ ഉയര്‍ന്നിരുന്നു. ഈ അഭിപ്രായം തന്നെയാണ് യോഗത്തിലും ഉയര്‍ന്നത്. നിലവിലുള്ള രോഗവ്യാപനം കുറച്ചുദിവസം കഴിഞ്ഞാല്‍ സ്ഥിരത കൈവരിക്കും. തുടര്‍ന്ന് പതുക്കെ വ്യാപനം കുറഞ്ഞുവരുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. അതിനാല്‍ കടുത്ത നിയന്ത്രണങ്ങളിലേക്ക് പോകേണ്ടതില്ല.

നിലവില്‍ സ്വീകരിച്ചിരിക്കുന്ന പ്രതിരോധ മാര്‍ഗങ്ങള്‍ ഫലപ്രദമാണ്. ആള്‍ക്കൂട്ടം നിയന്ത്രിക്കാനുള്ള ക്രമീകരണം ഉറപ്പാക്കി പരമാവധി മേഖലകള്‍ തുറക്കാന്‍ അനുവദിക്കാവുന്നതാണ്. ഞായറാഴ്ചയിലെ ലോക്ക്ഡൗണിന്റെയും ആവശ്യമില്ല. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിലും മരണനിരക്ക് കുറച്ചുനിര്‍ത്താന്‍ സാധിച്ചു. മരണനിരക്ക് കുറച്ചുനിര്‍ത്തുന്നതില്‍ തുടരുന്ന ജാഗ്രത തുടര്‍ന്നും ഉണ്ടാവണമെന്നും യോഗം നിര്‍ദേശിച്ചു.