ക്ഷേത്രോത്സവത്തിനിടെ ജനറേറ്ററിൽ മുടി കുടുങ്ങി 13 വയസ്സുകാരി മരിച്ചു.

ക്ഷേത്രോത്സവത്തിനിടെ ജനറേറ്ററിൽ മുടി കുടുങ്ങി 13 വയസ്സുകാരി മരിച്ചു.  ഞായറാഴ്ച തമിഴ്നാട്ടിലെ കാഞ്ചീപുരം ജില്ലയിൽ സർക്കാർ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയായ എസ് ലാവണ്യയാണ് മരിച്ചത്. ലാവണ്യയും ഇളയ സഹോദരൻ ഭുവനേഷും (9) അവരുടെ മുത്തച്ഛനും മുത്തശ്ശിയുമായ കാണ്ഡീപൻ, ലത എന്നിവർക്കൊപ്പമാണ് താമസിച്ചിരുന്നത്. കാണ്ഡീപൻ ഗ്രാമത്തലവനാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച രാത്രിയായിരുന്നു ഗ്രാമത്തിലെ ക്ഷേത്രോത്സവം. പ്രതിഷ്ഠയെ ആളുകൾ രഥത്തിൽ കയറ്റുമ്പോൾ ഡീസൽ ജനറേറ്റർ ഘടിപ്പിച്ച കാളവണ്ടി രഥത്തിന്റെ പിൻഭാഗത്ത് വച്ചിരുന്നു.

രാത്രി 10 മണിയോടെ ജനറേറ്ററിന് സമീപം ഇരുന്ന ലാവണ്യയുടെ മുടി ജനറേറ്ററിൽ കുടുങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഉച്ചഭാഷിണിയുടെ ശബ്ദം കാരണം ലാവണ്യയുടെ നിലവിളി ആരും കേട്ടില്ല. പിന്നീട് ജനറേറ്റർ ഓഫായപ്പോഴാണ് കുട്ടിയുടെ നിലവിളി ആളുകൾ കേട്ടത്. ഉടൻ തന്നെ ലാവണ്യയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അവിടെനിന്ന് ശേഷം കാഞ്ചീപുരം സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ലാവണ്യ തിങ്കളാഴ്ചയോടെ മരിക്കുകയായിരുന്നു