ഗവർണറുടെ ഉത്തരവിനെതിരെ കോടതിയെ സമീപിക്കുമെന്ന് വിസി

കണ്ണൂര്‍ സര്‍വകലാശാലയില്‍ മലയാളം അസോസിയേറ്റ് പ്രഫസര്‍ നിയമന നടപടി മരവിപ്പിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഉത്തരവിനെതിരെ കോടതിയെ സമീപിക്കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ.ഗോപിനാഥ് രവീന്ദ്രന്‍. നാളെ അവധിയായതിനാല്‍ മറ്റന്നാള്‍ തുടര്‍നടപടി സ്വീകരിക്കും. കണ്ണൂര്‍ സര്‍വകലാശാല നിയമത്തിലെ ചട്ടം 7(3) വായിച്ച്‌ ഗവര്‍ണറുടെ നടപടി നിയമവിധേയമല്ലെന്ന് വൈസ് ചാന്‍സലര്‍ പരോക്ഷമായി സൂചിപ്പിച്ചു.

കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ നിയമന നടപടി റദ്ദാക്കിയതില്‍ മറുപടി പറയേണ്ടത് വൈസ് ചാന്‍സലറെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദുവും പറഞ്ഞു. നിയമനത്തില്‍ സര്‍ക്കാര്‍ ഇടപെടാറില്ല. നിയമപ്രകാരം മാത്രമാണ് നിയമനം നടക്കാറുള്ളത്. ഇക്കാര്യം വിശദീകരിക്കേണ്ടത് വി സിയാണെന്നും മന്ത്രി പറഞ്ഞു.

കണ്ണൂര്‍ സര്‍വകലാശാലയില്‍ മലയാളം അസോസിയേറ്റ് പ്രഫസര്‍ നിയമനവുമായി ബന്ധപ്പെട്ട റാങ്ക് പട്ടികയില്‍ സിപിഎം നേതാവ് കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന് ഒന്നാം റാങ്ക് നല്‍കിയതിനെതിരെ പരാതി ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ നിയമവിദഗ്ധരുമായി ആലോചിച്ചാണ് നിയമന നടപടി മരവിപ്പിച്ച്‌ കൊണ്ട് ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണറുടെ നടപടി.