ഗാസിപൂരിലേക്ക് പോയ പ്രതിപക്ഷ എംപിമാരെ പൊലീസ് തടഞ്ഞു.

ന്യൂഡൽഹി:കര്‍ഷകരെ സന്ദര്‍ശിക്കാന്‍ ഗാസിപൂരിലേക്ക് പോയ പ്രതിപക്ഷ എംപിമാരെ പൊലീസ് തടഞ്ഞു. കേരളത്തില്‍ നിന്നുള്ള എന്‍.കെ. പ്രമേചന്ദ്രന്‍, എ.എം. ആരിഫ് എന്നിവരും പ്രതിപക്ഷ എംപിമാരുടെ സംഘത്തിലുണ്ടായിരുന്നു. കര്‍ഷക സമരം നടക്കുന്ന അതിര്‍ത്തികളില്‍ യുദ്ധസമാനമായ സാഹചര്യമാണ് ഉള്ളതെന്നും ശത്രുസൈന്യത്തെ നേരിടുന്നപോലെയാണ് പൊലീസ് തങ്ങളെ തടഞ്ഞതെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എംപി പറഞ്ഞു.

രാവിലെയാണ് പ്രതിപക്ഷ എംപിമാരുടെ സംഘം ഗാസിപൂരിലേക്ക് പോയത്. കോണ്‍ഗ്രസ് എംപിമാര്‍ സംഘത്തിലുണ്ടായിരുന്നില്ല. ഗാസിപൂരില്‍ എത്തുന്നതിന് മൂന്നുകിലോമീറ്റര്‍ മുന്‍പ് എംപിമാരെ തടയുകയായിരുന്നു. പാര്‍ലമെന്റ് അംഗങ്ങളാണെന്ന് പറഞ്ഞിട്ടുപോലും പൊലീസ് കടത്തിവിട്ടില്ലെന്ന് എംപിമാര്‍ പറഞ്ഞു.

സമരമുഖത്തെ സാഹചര്യം വിലയിരുത്തുന്നതിന് വേണ്ടിയാണ് കോൺഗ്രസ് ഇതര പ്രതിപക്ഷ പാർട്ടികളിലെ എംപിമാർ ഗാസിപ്പുർ അതിർത്തിയിൽ എത്തിയത്. എൻ.സി.പി. എംപി സുപ്രിയ സുലേ, ഡി.എം.കെ. എംപി കനിനൊഴി അടക്കുമുള്ളവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. രാവിലെ ശരത് പവാറിന്റെ വസതിയിലെ യോഗത്തിന് ശേഷമാണ് എംപിമാർ ബസിൽ ഡൽഹി അതിർത്തിയിലേക്ക് നീങ്ങിയത്.