ഗൂഗിള്‍ സെര്‍ച്ചില്‍ ചാറ്റ് ബോട്ട് അവതരിപ്പിക്കാനൊരുങ്ങി ഗൂഗിള്‍.

ഗൂഗിള്‍ സെര്‍ച്ചില്‍ ചാറ്റ് ബോട്ട് അവതരിപ്പിക്കാനൊരുങ്ങി ഗൂഗിള്‍. ചാറ്റ് ജിപിടി എന്ന ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ് ബോട്ടിനുള്ള മറുപടിയെന്നോണമാണ് ഗൂഗിള്‍ പുതിയ സംവിധാനം ഒരുക്കുന്നത്. ഇതിന്റെ ഭാഗമായി ബാര്‍ഡ് എന്ന പേരില്‍ ആശയവിനിമയം നടത്താന്‍ കഴിവുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തിരഞ്ഞെടുക്കപ്പെട്ട ഉപയോക്താക്കള്‍ക്ക് പരീക്ഷണാര്‍ത്ഥം തുറന്ന് കൊടുക്കുകയാണെന്ന് കമ്പനി മേധാവി സുന്ദര്‍ പിച്ചൈ അറിയിച്ചു.
ഇപ്പോള്‍ ചുരുക്കം ചില ആളുകള്‍ക്ക് മാത്രമായി ലഭ്യമാക്കുന്ന ഈ സംവിധാനം വരുന്ന ആഴ്ച്ചകളില്‍ പൊതുജനങ്ങള്‍ക്കും ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഗൂഗിള്‍ അവതരിപ്പിച്ച ലാംഗ്വേജ് മോഡല്‍ ഫോര്‍ ഡയലോഗ് ആപ്ലിക്കേഷന്‍സ് എന്ന ലാംഡ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സേവനമാണ് ബാര്‍ഡ്. ‘കമ്പനിയുടെ ബൃഹത്തായ ലാംഗ്വേജ് മോഡലുകളുടെ ശക്തിയും ബുദ്ധിയും ക്രിയാത്മകതയും ഉള്‍ക്കൊള്ളുന്നതാവും ബാര്‍ഡ് എന്ന ഗൂഗിള്‍ അവതരിപ്പിക്കുന്ന പുതിയ ചാറ്റ് ബോട്ട്’, സുന്ദര്‍ പിചൈ പറഞ്ഞു. മൈക്രോസോഫ്റ്റിന്റെ പങ്കാളിത്തത്തോടെയുള്ള ഓപ്പണ്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അവതരിപ്പിച്ച ചാറ്റ് ബോട്ടായ ചാറ്റ് ജിപിടിയുടെ സമാനമായി തന്നെയാവും ബാര്‍ഡിന്റെ പ്രവര്‍ത്തനവും. ഇന്റര്‍നെറ്റില്‍ ലഭ്യമായ വിവരങ്ങളുടെയും ഉപയോക്തക്കള്‍ നല്‍കുന്ന മറുപടികളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെയും അടിസ്ഥാനത്തിലാവും ബാര്‍ഡിന്റെ പ്രവര്‍ത്തനം.