ചെങ്കൽ ക്വാറികൾ 24 മുതൽ അടച്ചിടും

കണ്ണൂർ: സംസ്ഥാനത്തെ എല്ലാ ചെങ്കൽ ക്വാറികളും ഈമാസം 24 മുതൽ അടച്ചിടുമെന്ന് ചെങ്കൽ ഉത്പാദക ഉടമസ്ഥ സംഘം സംസ്ഥാന സെക്രട്ടറി കെ മണികണ്ഠൻ അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ പുതിയ ഭേദഗതി പ്രകാരം നിലവിൽ ഉണ്ടായിരുന്ന കൺസോളിഡേറ്റഡ് റോയൽറ്റി പേമെന്റ് സംവിധാനം നിർത്തലാക്കിയതോടെ ചെങ്കൽ ക്വാറികൾക്ക് പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. 30 വർഷം പെർമിറ്റ് നൽകുന്ന കരിങ്കൽ ക്വാറികളെയും ഒരു വർഷം പെർമിറ്റ് നൽകുന്ന ചെങ്കൽ ക്വാറികളെയും ഒരേ തട്ടിൽ പെടുത്തിയുള്ള നിയമം അശാസ്ത്രീയമാണെന്നും അദ്ദേഹം പറഞ്ഞു.

30 ദിവസത്തിനകം പെർമിറ്റ് നൽകണമെന്ന വ്യവസ്ഥകളും മാറ്റിയിരിക്കയാണ്. ഈ സാഹചര്യത്തിലാണ് കോ ഓർഡിനേഷൻ കമ്മിറ്റി സമരത്തിലേക്ക് നീങ്ങുന്നത്. കരിങ്കൽ ക്വാറി സമരം നടക്കുന്നതിനാൽ നിർമാണ മേഖല പ്രതിസന്ധിയിലാണ്. ചെങ്കൽ ക്വാറികളും അടച്ചിടുന്നതോടെ പ്രതിസന്ധി രൂക്ഷമാകും.