തലശ്ശേരിയിലെ റോഡരികില്‍ എട്ടരക്കിലോ കഞ്ചാവ് ഉപേക്ഷിച്ചനിലയില്‍

തലശ്ശേരി: ദേശീയപാതയില്‍ കൊടുവള്ളിയില്‍ റോഡരികില്‍ കഞ്ചാവ് ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. എട്ടരക്കിലോഗ്രാം കഞ്ചാവാണ് റോഡില്‍ തള്ളിയത്. തിങ്കളാഴ്ച വൈകിട്ടാണ് കഞ്ചാവ് കണ്ടെത്തിയത്.

പരിസരത്തുള്ളവര്‍ വിവരം നല്‍കിയതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ എക്‌സൈസ്, പോലീസ് ഉദ്യോഗസ്ഥര്‍ കഞ്ചാവ് കസ്റ്റഡിയിലെടുത്തു. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ക്ക് വേണ്ടി കൊണ്ടുവന്നതാണെന്ന് കരുതുന്നു.എക്‌സൈസും പോലിസും ഇവിടെ വാഹനപരിശോധന നടത്തിയിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട വില്പനക്കാര്‍ കഞ്ചാവ് വഴിയില്‍ തള്ളിയതാണെന്ന് കരുതുന്നു. പരിസരത്തെ കടകളിലുള്ള സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചു.ഉപേക്ഷിച്ചവരെ കണ്ടെത്താന്‍ അന്വേഷണം തുടങ്ങി. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പക്ടര്‍ സി. സെന്തില്‍ കുമാര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ ലെനിന്‍ എഡ്വേര്‍ഡ്, ഒ. ലിമേഷ്, വനിതാ എക്‌സൈസ് ഓഫിസര്‍ പി.പി. ഐശ്വര്യ, പോലീസ് ഇന്‍സ്‌പെക്ടര്‍ സുനില്‍കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രാഗേഷ് എന്നിവരാണ് കഞ്ചാവ് കസ്റ്റഡിയിലെടുത്തത്. കണ്ടെടുത്ത കഞ്ചാവ് ശേഖരത്തിന് വിപണിയില്‍ 2.5 ലക്ഷം രൂപ വിലവരും.